ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു
ഇംഫാൽ: താഴ്വരയിൽ പടരുന്ന സംഘർഷം നിയന്ത്രിക്കാൻ സർക്കാർ അനിശ്ചിത കാല കർഫ്യൂ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകൾ കേന്ദ്രീകരിച്ച് ഏറ്റുമുട്ടലുകൾ നടക്കുകയാണ്.
കുക്കികൾ മലമുകളിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് മെയ്തി ഗ്രാമങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തുന്നത് തുടരുകയാണ്. ഇത് പ്രതിരോധിക്കാൻ മെയ്തികൾ സൈനികരുടെ ആയുധങ്ങൾ തട്ടിയെടുത്ത് തിരച്ചടിക്കുന്നതും സാധാരണമായി ക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഇംഫാലിൽ നൂറ് കണക്കിന് വിദ്യാർഥികൾ സർക്കാറിനെതിരേ തെരുവിലിറങ്ങിയത് സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥികൾ രാജ്ഭവനിലേക്ക് അതിക്രമിച്ച് കയറുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതിനിടെ ബിഷ്ണുപൂർ, കാംഗ്കോക്പി മേഖലയിലെ ബഫർ സോണിൽ ഒരു സ്ത്രീയെ തീവ്രവാദികൾ വെടിവച്ചു കൊന്നു.
ആക്രമ സംഭവങ്ങൾക്കെതിരേ കുക്കി, മെയ്തി മേഖലകളിൽ പ്രതിഷേധം തുടരുകയാണ്. ഇന്നലെ ഇംഫാലിൽ മെയ്രാ പെയ്ബീസിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ ഗവർണറുടെ വീട്ടിലേക്ക് തീപ്പന്തവുമായി മാർച്ച് നടത്തി. സർക്കാരിനെതിരേ രൂക്ഷമായ മുദ്രാവാക്യം ഉയർത്തിയാണ് സ്ത്രികൾ സമരം നടത്തിയത്. കുക്കി മേഖലയായ ചുരചന്ദ് പൂരിൽ കറുത്ത വസ്ത്രങ്ങളിഞ്ഞ് സ്ത്രീകൾ സമാധാനത്തിനായി തെരുവിൽ പ്രക്ഷോഭം നടത്തി. ആസ്റ്റാം റൈഫിൾസ് സൈനിക വിഭാഗത്തിനെ കുക്കി മേഖലകളിൽ നിന്ന് മാറ്റിയാൽ സർക്കാരിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി തുടരുന്ന ആക്രമങ്ങൾ പുതിയ ദിശയിലേക്ക് മാറിക്കഴിഞ്ഞതിനാൽ ആശങ്കയോടെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇപ്പോഴത്തെ നീക്കങ്ങളെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."