സെന്‍ട്രല്‍ ഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗസ സിറ്റി: സെന്‍ട്രല്‍ ഗസയിലുളള ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ സ്ഥിതി ചെയ്യുന്ന അല്‍ഔദ ആശുപത്രിക്കു സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. അല്‍ ഖുദ്‌സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് വാനിന് നേരെ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇബ്രാഹിം അല്‍ ഷെയ്ഖ് ലി, മുഹമ്മദ് അല്‍ ലദ, ഫാദി ഹസ്സൗന, ഫൈസല്‍ അബു അല്‍ കുംസാന്‍, അയ്മന്‍ അല്‍ ജാദി എന്നിവരാണ് മരിച്ചവര്‍. പ്രസവവേദന അനുഭവപ്പെട്ട ഭാര്യയുടെ കൂടെയായിരുന്നു അയ്മന്‍ അല്‍ജാദി ആശുപത്രിയില്‍ എത്തിയത്. ഇവരുടെ വെള്ളനിറത്തിലുള്ള പ്രസ് എന്നെഴുതിയിരിക്കുന്ന വാന്‍ കത്തിനശിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാനിലുളള മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തതായും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
ഇതുവരെ സംഭവത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. 2023 ഒക്ടോബര്‍ 7 മുതല്‍ ഗസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 141 മാധ്യമപ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സിപിജെ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യവും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ സിപിജെ അപലപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."