ഹണി റോസിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന് സ്ത്രീവിരുദ്ധ കമന്റ്; പൊലീസില്‍ പരാതി നൽകി നടി
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. പരാതിയിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഒരു വ്യക്തി തന്നെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് നടി ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം പരാമർശങ്ങൾ ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കാറുണ്ട്. ഇതേ വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ താൻ പോയിരുന്നില്ല. പ്രതികാരമെന്നോണം താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് പറയുകയും ചെയ്യുന്നുവെന്ന് ഹണി റോസ് പറഞ്ഞു.
സ്ത്രീകൾക്കെതിരെ ലൈംഗിക ചേഷ്ടയോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കുകയാണ് പതിവ്. അതിന് തനിക്ക് പ്രതികരണശേഷി ഇല്ല എന്ന് അർത്ഥമില്ലെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആളാരെന്ന് പേര് പറയാതെയാണ് ഹണി റോസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. അപമാനം തുടർന്നാൽ നിയമനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെയാണ് നടി ഇപ്പോൾ പരാതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."