ലൊസാഞ്ചലസില്‍ വീണ്ടും കാട്ടുതീ; 5000 ഏക്കര്‍ കത്തിനശിച്ചു, 31000 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം
വാഷിങ്ടണ്‍: അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീയില്‍ ഇതുവരെ അയ്യായിരത്തോളം ഏക്കര്‍ കത്തി നശിച്ചു. പിറു തടാകത്തിന് ചുറ്റുമുള്ള 31000 ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് കസ്‌റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. പുതുതായുണ്ടായ തീപിടിത്തത്തില്‍ ഇതുവരെ വീടുകള്‍ക്കോ മറ്റ് കെട്ടിടങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കാസ്‌റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏക്കറുകണക്കിന് സ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു. ശക്തമായ കാറ്റും വരണ്ടകാലവസ്ഥയും തീ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കാരണമായി.
ഏഴിടത്താണ് ലൊസാഞ്ചലില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.
സാന്‍ ഡീഗോയ്ക്കും ഓഷ്യന്‍സൈഡിനും സമീപം തെക്ക് കൂടുതല്‍ തീപിടുത്തമുണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇവ രണ്ടും ചെറുതാണ്. പസഫിക് പാലസേഡ്‌സ് ജനുവരി ഏഴിന് തുടങ്ങിയ തീ ഇതുവരെ പൂര്‍ണമായും അവസാനിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."