'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും' ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍
ഗസ്സയില്‍ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള അമേരിക്ക - ഇസ്‌റാഈല്‍ പദ്ധതികളെ മുളയിലേ തള്ളിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. ഫലസ്തീന്‍ മണ്ണ് ഫലസ്തീന്‍ ജനതക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ അവിടെ തന്നെ ജീവിക്കുമെന്നും അമേരിക്കക്കും സയണിസ്റ്റ് ഭീകരരാഷ്ട്രത്തിനും ബ്രിട്ടന്‍ ഉള്‍പെടെ ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗസ്സ മുനമ്പില്‍ നിന്ന് ബലംപ്രയോഗിച്ച് ഫലസ്തീനികളെ സമീപത്തെ അറബ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളെ ബ്രിട്ടന്‍ എതിര്‍ക്കുമെന്ന് അന്താരാഷ്ട്ര വികസനകാര്യ മന്ത്രി അനലീസ് ഡോഡ്‌സ് വ്യക്തമാക്കി. ബലം പ്രയോഗിച്ച് ഫലസ്തീനികളെ പുറത്താക്കാന്‍ പാടില്ല. ഗസ്സ മുനമ്പിന്റെ ഭൂപ്രദേശത്തില്‍ കുറവ് വരുത്തുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും ബ്രിട്ടിഷ് പാര്‍ലമെന്റില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.
ഗസ്സയില്‍ നിന്നും പുറത്താക്കപ്പെടുന്ന ഫലസ്തീനികളെ അയര്‍ലന്‍ഡ് സ്വീകരിക്കുമെന്ന ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസാക് കാട്‌സിന്റെ പ്രസ്താവന തള്ളി ഐറിഷ് വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ ദിവസം രംഗത്തെത്തി. ഗസ്സയിലേക്കുള്ള സഹായവും സേവനങ്ങളും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രസ്താവനയെന്നും അയര്‍ലന്‍ഡ് കുറ്റപ്പെടുത്തി.
സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ ഇഷ്ടമുള്ളയിടത്തേക്ക് ഗസ്സയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതിക്കായി തയാറെടുക്കാന്‍ ഇസ്‌റാഈല്‍ സൈന്യത്തോട് പ്രതിരോധമന്ത്രി ഉത്തരവിട്ടിരുന്നു. ഈ രാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് ഇസ്‌റാഈലിനെ പ്രകോപിപ്പിച്ചിരുന്നു. ഗസ്സ വിട്ട് പോകാനുദ്ദേശിക്കുന്ന ഫലസ്തീനികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ തയാറെടുക്കണമെന്നാണ് കാട്‌സ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.
ഗസ്സയെ യു.എസ് ദീര്‍ഘകാലത്തേക്ക് ഏറ്റെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും ഏറ്റെടുക്കണമെന്നും കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പറഞ്ഞത്. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വൈറ്റ്ഹൗസും വിദേശകാര്യ സെക്രട്ടറിയും വിശദീകരണവുമായി രംഗത്തെത്തിയത്. ഇക്കാര്യം അന്നു തന്നെ ഈജിപ്തും ജോര്‍ദ്ദാനും തള്ളിയിരുന്നു. ട്രംപിന്റെ നീക്കത്തിനെതിരെ യു.എന്നും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."