രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്
ബംഗളുരു:ഇന്ദിരാനഗറിൽ കത്തിയുമായി കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർക്ക് രണ്ട് പേർക്കും കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റിരിക്കുന്നത്. 26കാരനായ യുവാവാണ് അഞ്ച് പേരെയും കുത്തിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇന്ദിരാനഗറിൽ കഴിഞ്ഞ ദിവസമായിരുന്നു ഭയാനകമായ സംഭവങ്ങൾ നടന്നത്. അഞ്ച് പേർക്ക് ഒരു രാത്രി തന്നെ കുത്തേറ്റതായി വാർത്തകൾ പരന്നതോടെ, നഗരത്തിൽ കൊലപാതകി കറങ്ങിനടക്കുന്നുവെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പറയുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ പൊലീസ്, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അക്രമിയെ ഉടൻ തന്നെ പിടികൂടുമെന്നും അറിയിച്ചു.
ജോഗുപാല്യ സ്വദേശിയായ കടംബ എന്ന 26കാരനാണ് സംഭവങ്ങൾക്ക് പിന്നിലെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു മൊബൈൽ ഫോൺ മോഷണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീട് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ പിതാവും ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് വ്യക്കതമാക്കി.
ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമുണ്ടായത്. ആദ്യം ഒരു സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി പിന്നിൽ കയറി. പറഞ്ഞത് പോലെ ഒരു സ്ഥലത്ത് വാഹനം തിരിക്കാതിരുന്നപ്പോൾ ബൈക്ക് ഉടമയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ചോരയൊലിച്ച് ഇയാൾ റോഡിൽ കിടന്നപ്പോൾ യുവാവ് മുന്നോട്ട് നീങ്ങി. പിന്നീട് ഒരു പാനിപുരി കച്ചവടക്കാരന്റെ അടുത്തെത്തിയെങ്കിലും പാനിപുരി തീർന്നുപോയിരുന്നു. തെറി പറഞ്ഞ ശേഷം കച്ചവടക്കാരനെയും കുത്തി. ആളുകൾ പോകുന്നതു വരെ കാത്തിരുന്ന ശേഷമായിരുന്നു ഇത്.
പിന്നീട് മറ്റൊരു പാനിപൂരി കച്ചവടക്കാരന്റെ മുഖത്തും കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് കെ.ടി റോഡിലെ ഒരു ചിക്കൻ കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഒരാളെയും കുത്തി. ഇതിന് ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറാൻ ശ്രമിച്ചെങ്കിലും ബൈക്കോടിച്ചിരുന്നയാൾ എതിർത്തതോടെ അയാളെയും കുത്തിവീഴ്ത്തുകയായിരുന്നു പ്രതി. തുടർന്ന് ഈ ബൈക്കും ബൈക്ക് ഉടമയുടെ ഫോണും കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."