പരിവാഹന്‍ വെബ് സൈറ്റ് പണി മുടക്കിയതോടെ സംസ്ഥാനത്തെ പുക പരിശോധനകേന്ദ്രങ്ങള്‍ നിശ്ചലമായി
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് പണിമുടക്കിയതോടെ സംസ്ഥാനത്തെ പുക പരിശോധന കേന്ദ്രങ്ങള്‍ നിശ്ചലമായി. കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി പരിവാഹന്‍ വെബ്‌സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും എന്താണ് കാരണമെന്ന് അറിയാത്ത അവസ്ഥയാണ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ വാഹന ഉടമകളാണ് ഇതേ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത് മുതല്‍ ഇടയ്ക്കിടെ തടസങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമാകുന്നത് ആദ്യമായിട്ടാണെന്ന് വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിങ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നു.
പരിവാഹന്‍ സൈറ്റില്‍ ഓരോ പുക പരിശോധന കേന്ദ്രത്തിനും ഓപ്പണാക്കാന്‍ ഒരു കോഡും ഐഡിയും ഉണ്ട്. ഇത് തുറന്നാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുളളു. എന്നാല്‍ പാസ്‌വേര്‍ഡ് അടിച്ചിട്ട് സൈറ്റ് ലോഡാവുകയല്ലാതെ തുറന്നു വരാത്തതാണ് പ്രശ്‌നം. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് പരിവാഹന്‍ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത്. അവരെ ബന്ധപ്പെടുമ്പോഴും കൃത്യമായ ഉത്തരം ലഭിക്കുന്നില്ല.
അതേസമയം പുക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ പൊലിസ് വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് തുടരുകയാണ്. 2000 രൂപയാണ് പിഴ ഈടാക്കുന്നത്. വെബ്‌സൈറ്റ് പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടും പൊലിസ് അത് മനസിലാക്കാതെ പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. ഏകീകൃത വെബ്‌സൈറ്റായതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും സംസ്ഥാനത്തെല്ലായിടത്തും തടസപെടുന്നുണ്ട്.
കേന്ദ്രത്തിന്റെ നേതൃത്വത്തിലായതിനാല്‍ എന്ത് ചെയ്യണമെന്നോ എവിടെ പരാതി നല്‍കണമെന്നോ പോലും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പരാതിപ്പെട്ടാലും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് പരിവാഹന്‍ സൈറ്റ് വഴി പ്രതിദിനം ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. നിലവില്‍ മിക്ക സര്‍വിസുകള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. വെബ്‌സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."