കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍; മഴക്കോട്ട് ധരിച്ചു, മാസ്‌ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം
കുറ്റ്യാടി: വടകര കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയില്‍. കക്കട്ടില്‍ സ്വദേശി ലിനീഷിാണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് കക്കട്ടില്‍ അങ്ങാടിയില്‍ വെച്ചാണ് മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ (65) ലിനീഷ് അക്രമിച്ചത്.
പരിസരത്തെ കടകളില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടി കൂടിയത്. കടലാസില്‍ പൊതിഞ്ഞ വടിവാള്‍ മഴക്കോട്ടിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി വരുന്നത്. പിന്നീട് ഇയാള്‍ ഇടവഴിയില്‍ കയറി മഴക്കോട്ട് ധരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് മുഖം മാസ്‌ക് കൊണ്ട് മറച്ചാണ് വരുന്നത്. ആളുകള്‍ നോക്കിനില്‍ക്കെയാണ് പ്രതി കൊടുവാളുമായി ഗംഗാധരനെ അക്രമിക്കുന്നത്.
സംഭവ ശേഷം ലിനീഷ് വയനാട്ടിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്നാണ് പിടിയിലാവുന്നത്. അക്രമത്തിന്റെ കാരണം അന്വേഷിക്കുകയാണ്.
ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന തര്‍ക്കങ്ങളും അടിപിടിയുമാണ് കാരണമെന്നാണ് പൊലിസിന്റെ നിഗമനം. യോഗം നടത്തുന്നത് ഗംഗാധരനും ബി.ജെ.പി പ്രവര്‍ത്തകനായ മകന്‍ ലകേഷും എതിര്‍ത്തിരുന്നു.തുടര്‍ന്ന് വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഗംഗാധരന്റെ മകനെതിരെ സി.പി.എമ്മുകാരുടെ പരാതി പ്രകാരം കേസെടുത്തിരുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."