ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
അബുദാബി: 10,000 ഡ്രോണുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ഷോകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സഹോദരൻ കിംബൽ മസ്‌കിന്റെ നോവ സ്കൈ സ്റ്റോറീസും അബുദാബി ആസ്ഥാനമായുള്ള അനലോഗുമായും ചേർന്നാണ് ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്. ഡിസിടി അബുദാബി (സാംസ്കാരിക, ടൂറിസം വകുപ്പ് - അബുദാബി) കീഴിലാണ് പരിപാടി അരങ്ങേറുന്നത്. അബൂദബിയിലെ പ്രശസ്തമായ നിരവധി സ്ഥലങ്ങളിൽ ഡ്രോൺ ഷോകളുടെ വിസ്മയ കാഴ്ച ഒരുക്കുന്നതോടെ ലോകവ്യാപകമായ ശ്രദ്ധ നേടും.
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഡിസിടി അബുദാബി, കൊളറാഡോ ആസ്ഥാനമായ നോവ സ്കൈ സ്റ്റോറീസ്, ഫിസിക്കൽ ഇന്റലിജൻസ്, മിക്സഡ് റിയാലിറ്റി രംഗത്തുള്ള എമിറാത്തി കമ്പനിയായ അനലോഗ് എന്നിവ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിലും ഒപ്പുവച്ചു.
ഈ കരാറിലൂടെ ഡ്രോൺ സാങ്കേതികവിദ്യയും ആഴത്തിലുള്ള വിസ്മയ കാഴ്ചകളുമായി പുതിയ വിനോദാനുഭവം അബുദാബി സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ 10,000 ലൈറ്റ്-ഷോ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ പ്രദർശനം ഈ മേഖലയിലെ ആദ്യത്തെ അനുഭവമായിരിക്കുമെന്ന് ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ, ലോകവുമായി നമ്മുടെ കാഴ്ചപ്പാടുകളും സംസ്കാരവും പങ്കിടുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ്. നോവ സ്കൈയും അനലോഗുമായുള്ള ഈ പങ്കാളിത്തം, സന്ദർശകരുടെയും താമസക്കാരുടെയും അബൂദബിയുമായുള്ള അനുഭവങ്ങളുടെ നിലവാരം ഉയർത്തും, നോവ സ്കൈ സ്റ്റോറീസിന്റെ സിഇഒയും സഹസ്ഥാപകനുമായ കിംബൽ മസ്‌ക് പറഞ്ഞു.
ഡിസിടി അബുദാബിയുമായുള്ള ഈ പങ്കാളിത്തത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് ആവേശമുണ്ട്. ഈ മുൻനിര സംരംഭത്തിലൂടെ, ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ഡ്രോൺ ഷോ അബുദാബി അവതരിപ്പിക്കാനിരിക്കുകയാണ് കിംബൽ മസ്ക് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."