'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് തരൂരിന്റെ മോദി സ്തുതി വീണ്ടും. ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രിയാണ് മോദി എന്നാണ് തരൂരിന്റെ വാഴ്ത്തു പാട്ട്. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന റേസിന ഡയലോഗിലായിരുന്നു മോദിയെ പുകഴ്ത്തിപ്പാടി തരൂര്‍ വീണ്ടും പ്രസ്താവനയിറക്കിയത്.
റഷ്യ- ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട തന്റെ മുന്‍പത്തെ വിമര്‍ശനം തിരുത്തിയാണ് തരൂരിന്റെ പുതിയ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം. അന്നത്തെ തന്റെ നിലപാട് തെറ്റായിരുന്നുവെന്ന് ഏറ്റു പറയുന്നുമുണ്ട് തരൂര്‍. റഷ്യ- ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്ന കടുത്ത വിമര്‍ശനമായിരുന്നു അന്ന് തരൂരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇരു രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചതല്ലാതെ മോദി യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്നും അന്ന് തരൂര്‍ വിമര്‍ശിച്ചു. എന്നാല്‍ അന്ന് പറഞ്ഞതെല്ലാം തിരുത്തിയിരിക്കുകയാണ് ഇന്ന് തരൂര്‍.
'ഇന്നും ഞാന്‍ എന്റെ മുഖത്തു നിന്ന് ആ കറ തുടച്ചു കൊണ്ടിരിക്കുകയാണ്. കാരണം
2022 ഫെബ്രുവരിയില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു' തരൂര്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും മോദിയെ പുകഴ്ത്തി തരൂര്‍ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രശംസക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. 'മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്' എന്നായിരുന്നു ട്രംപിന്റെ പ്രശംസ. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് ട്രംപ് അങ്ങനെ പറഞ്ഞെങ്കില്‍, അത് വെറുതെയാവില്ലെന്നായിരുന്നു ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് തരൂര്‍ പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ സംസാരമുണ്ടായത്.
ഇന്ത്യക്കാരെഅപമാനിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി തീര്‍ച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തരൂരിന്റെ പ്രതികരണം ഏറെ വിവാദത്തിനിടയാക്കി. പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി പാര്‍ട്ടിക്ക് വിരുദ്ധമായി സംസാരിക്കരുതെന്ന താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ താക്കീതിനെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ഇപ്പോള്‍ തരൂരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
രാജ്യസഭയിലും ലോക്‌സഭയിലുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കും കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ശക്തമായി നിലപാടുമായി മുന്നോട്ടു പോകുമ്പോല്‍ അതിന് തീര്‍ത്തും വിരുദ്ധമായ രീതിയില്‍ തരൂര്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദന ആയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ ഈ വൈരുദ്ധ്യവും അതിന്റെ പ്രശ്‌നങ്ങളും സൂചിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്നാണ് അന്ന് തരൂര്‍ പ്രതികരിച്ചത്.
Shashi Tharoor's latest praise for PM Narendra Modi, calling him a leader accepted by both Russia and Ukraine, has stirred controversy within the Congress party. His statement at the Raisina Dialogue has once again sparked internal debates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."