സഊദിയിലെ അൽ ഉല വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ
മദീന: അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചത് അൽ ഉല സന്ദർശിച്ചു മടങ്ങിയ വിനോദ സഞ്ചാരികൾ. വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും നഴ്സുമാരാണ്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മരിച്ച മറ്റു മൂന്നു പേർ സഊദി സ്വദേശികളാണ്.
ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സഊദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു പോവുകയായിരുന്നുവെന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.
മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അൽ ഉല സന്ദർശിച്ചതിനു ശേഷം സഊദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്.
മൃതദേഹങ്ങൾ അൽ ഉലയിലെ മുഹ്സിൻ ആശുപത്രിയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും. നിയമ നടപടികൾ പൂർത്തീകരിക്കാൻ മലയാളി സാമൂഹ്യപ്രവർത്തകർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."