എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്
മഞ്ചേരി: മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ പരിശോധന. നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തു. എസ്.ഡി.പി ഐ പ്രവര്‍ത്തകരായ ഇര്‍ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശ്ശേരി, ഷിഹാബുദ്ധീന്‍ ചെങ്ങര എന്നിവരാണ് കസ്റ്റഡിയില്‍.
കാരക്കുന്ന് പഴേടം സ്വദേശി ഷംനാദിന്റെ വീട്ടിലും പരിശോധ നടത്തിയിരുന്നു. ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ രാവിലെ എട്ട് വരെ പരിശോധ നടത്തി. കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് പരിശോധനക്ക് എത്തിയത്. പയ്യനാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതിയാണ് ഷംനാദ്. പാലക്കാട് ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ചോ എന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ അടുത്ത ദിവസം 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സുബൈര്‍ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളില്‍ ഒരു പ്രധാന കാരണമായി ശ്രീനിവാസന്‍ വധം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
കേസില്‍ പ്രതികളായ 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നല്‍കിയിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസര്‍, എച്ച്. ജംഷീര്‍, ബി. ജിഷാദ്, അഷ്റഫ് മൗലവി, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്, അഷ്റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ നേരത്തെ പ്രതികള്‍ക്കെതിരെയു.എ.പി.എ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."