പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവ പാസ്റ്റർ 11 മാസങ്ങൾക്കുശേഷം അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവ പാസ്റ്റർ മൂന്നാറിൽ നിന്ന് അറസ്റ്റിൽ. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) ആണ് പോലീസ് പിടിയിലായത്. പോക്‌സോ നിയമപ്രകാരം ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഒളിവിൽ പോയത്. 11 മാസങ്ങൾക്കുശേഷമാണ് പ്രതിയെ പോലീസ് കുടുക്കിയത്.
2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാർത്ഥനയ്ക്കായി കോയമ്പത്തൂരിലെ ജോൺ ജെബരാജിന്റെ വീട്ടിലെത്തിയ 17-കാരിയും 14-കാരിയുമായ രണ്ട് പെൺകുട്ടികളാണ് ഇയാൾ പീഡനത്തിരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. തുടർന്നു കുട്ടികളുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
യുവാക്കളെ ലക്ഷ്യമിട്ടുള്ള സംഗീതവും നൃത്തവും ചേർന്ന ആരാധനാ രീതിയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി വന്നിരുന്ന വ്യക്തിയാണ് ജോൺ ജെബരാജ്. "ന്യൂജെൻ വാഴ്‌ത്താരാധന" എന്ന ശൈലിയിൽ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ആരാധന ശുശ്രൂഷയുടെ വീഡിയോയും സന്ദേശങ്ങളും പങ്കുവെച്ച് ആയിരക്കണക്കിന് ആളുകളുടെ പിന്തുണയും ആരാധനയും നേടിയിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രാർത്ഥന ശുശ്രൂഷകൾ നടത്തിയിരുന്ന ജോൺ ജെബരാജിന്റെ അറസ്റ്റ് മത സമൂഹത്തിലും സോഷ്യൽ മീഡിയയിലുമൊക്കെ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കുകയാണ്. നിലവിൽ പ്രതിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് റിമാൻഡിൽ വിട്ടു. കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."