ഡൽഹിയിൽ കനത്ത മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്ന് നാല് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂഡൽഹി: ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിലെ മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
കെട്ടിടത്തിൽ ഏകദേശം 20 പേർ താമസിച്ചിരുന്നതായാണ് റിപ്പോർട്ട്. 14 പേരെ ഇതുവരെ രക്ഷപ്പെടുത്തി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), ഡൽഹി ഫയർ സർവീസ്, ഡൽഹി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
പുലർച്ചെ 2:50ന് കെട്ടിടം തകർന്നുവീണ വിവരം ലഭിച്ചതായി ഡിവിഷണൽ ഫയർ ഓഫീസർ രാജേന്ദ്ര അത്വാൾ പറഞ്ഞു. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ കെട്ടിടം പൂർണമായും തകർന്ന നിലയിലായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
തകർച്ചയ്ക്ക് കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."