പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: പച്ചമുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. നിരോധനം ഒരു വര്‍ഷത്തേക്കാണ്. മയോണൈസില്‍ പച്ചമുട്ട ചേര്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലാണ് നടപടിക്കു കാരണം. മയോണൈസിന്റെ ഉല്‍പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് സര്‍ക്കാരിന്റെ വിജ്ഞാപനം.
സാല്‍മൊണെല്ല ടൈഫിമുറിയം, സാല്‍മൊണെല്ല എന്ററിറ്റിഡിസ്, എസ്‌ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളാല്‍ മലിനമാവാന്‍ സാധ്യതയുള്ള പച്ചമുട്ടകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാവ്ഡവേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
നിരവധി സ്ഥലങ്ങളില്‍ മയോണൈസ് തയാറാക്കാന്‍ അസംസ്‌കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിയമലംഘകര്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ അല്ലെങ്കില്‍ നിയമപ്രകാരമുള്ള നിയമനടപടി എന്നിവയുള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരും. സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ നടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."