പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി
കൊച്ചി: പഹൽഗാം ഭീകരാക്രമണ വിഷയത്തിൽ രഹസ്യാന്വേഷണ വീഴ്ച ചർച്ച ചെയ്യേണ്ട സമയമല്ലെന്ന നിലപാട് സ്വീകരിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ചു ബിജെപി. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ ഘട്ടത്തിൽ ശശി തരൂർ സ്വീകരിച്ച നിലപാട് വി.ഡി. സതീശൻ, എം.എ. ബേബി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് മാതൃകയാക്കാവുന്നതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണദാസ് പ്രശംസിച്ച് രംഗത്തെത്തിയത്.
“രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രമാണ് പ്രധാനം. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് വിഭാഗീയതയുടെ ശബ്ദങ്ങൾ ഒറ്റപ്പെടും,” എന്ന് കൃഷ്ണദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ രഹസ്യാന്വേഷണ വീഴ്ച സംഭവിച്ചിരിക്കാമെന്ന് അംഗീകരിച്ച തരൂർ, “എന്നാൽ, അത് ചർച്ച ചെയ്യേണ്ട സമയമല്ല ഇത്. ഒരു രാജ്യത്തിന്റെയും പ്രതിരോധ സംവിധാനം നൂറ് ശതമാനം കുറ്റമറ്റതല്ല. വീഴ്ചകൾ പിന്നീട് പരിശോധിക്കാം. ഇപ്പോൾ ആവശ്യം ശക്തമായ ഇടപെടലാണ്,” എന്ന് ഇസ്റഈലിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു. ശശി തരൂർ എംപിയുടെ ദേശാഭിമാനപരമായ നിലപാട് തികച്ചും സ്വാഗതാർഹമാണ്. ഇത് മറ്റുള്ളവർക്ക് മാതൃകയാകണം, എന്നും കൃഷ്ണദാസ് പോസ്റ്റിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."