സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ
കോഴഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മത്സ്യ വ്യാപാരം നടത്തുന്ന എദ്ദിഷ് അലിയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
ബിജെപി നേതാക്കൾ ശനിയാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിനു ശേഷം ഇന്ത്യയ്ക്കും ഭരണാധികാരികൾക്കും എതിരായ ചിത്രങ്ങളും പരാമർശങ്ങളും അടങ്ങിയ പോസ്റ്റുകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പരാതിയിൽ പറയുന്നു.
ഭരണാധികാരികളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പോസ്റ്റുകൾ, പാക് അനുകൂല മുദ്രാവാക്യങ്ങൾ അടങ്ങിയ വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതായി ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വല്ലന സ്വദേശി നടത്തുന്ന മത്സ്യ വ്യാപാര ശൃംഖലയിലെ ജീവനക്കാരനാണ് അറസ്റ്റിലായ എദ്ദിഷ് അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."