മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് അവൻ: ഫ്രഞ്ച് ഇതിഹാസം
ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിന്റെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി. യമാൽ ഇതിഹസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമായി മാറുമെന്നാണ് തിയറി ഹെൻറി പറഞ്ഞത്. സിബിഎസ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഹെൻറി സ്പാനിഷ് യുവതാരത്തെക്കുറിച്ച് സംസാരിച്ചത്.
"ഫുട്ബോളിൽ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്തെന്നാൽ മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചവരാകാൻ സാധ്യതയുള്ള ആരും തന്നെയില്ല എന്നതാണ്. എന്നാൽ ഞാൻ ഫുട്ബോൾ കളിക്കുന്ന കാലങ്ങളിൽ പെലെയോ മറഡോണയോ ഇവരേക്കാൾ മികച്ച താരങ്ങൾ ആയിരിക്കാമെന്ന് ഞാൻ കരുതുന്നു. എന്തന്നാൽ ഇപ്പോഴത്തെ കാലങ്ങളിൽ അത് യമാലാണ്'' ഫ്രഞ്ച് ഇതിഹസം പറഞ്ഞു.
2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. ബാഴ്സക്കായി ഇതിനോടകം തന്നെ 22 ഗോളുകളും 33 ആസിസ്റ്റുകളും ആണ് താരം നേടിയത്. ബാഴ്സലോണക്കൊപ്പം രണ്ട് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിലും മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്.
യുവേഫ ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സ മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെയുള്ള ആദ്യ ലെഗ്ഗിൽ ബാഴ്സ സമനില പിടിച്ചിരുന്നു. 3-3 എന്ന ആവേശകരമായ സ്കോർ ലൈനിലാണ് മത്സരം അവസാനിച്ചത്. ക്വാർട്ടർ ഫൈനലിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ സെമിയിലേക്ക് മുന്നേറിയത്.
സ്പാനിഷ് ലീഗിലും സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 33 മത്സരങ്ങളിൽ നിന്നും 24 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 76 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്.
Former France Player Thierry Henry Praises Lamine Yamal Performance in Football
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."