ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സംശയിക്കുന്നു. വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനും സ്ഥിരീകരിച്ചു. സെന്‍സിറ്റിവ് ആയ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറുകയും ചെയ്തു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്‍പേ ഈ കേസിന്റെ വിധി പ്രസ്താവത്തെ പറ്റി 'ഒരു പൗരന്‍ 'എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാവുകയുള്ളൂ എന്നും അവകാശപ്പെട്ടിരുന്നു.
കത്തില്‍ പരാമര്‍ശിച്ച പോലെ വരവണ്ണം വ്യത്യാസമില്ലാതെയാണ് കേസിലെ വിധി ഉണ്ടായത്. ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. ഉചിതമായ നടപടിക്കായി കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ജ്യൂഡീഷ്യറിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നതാണ് സംഭവമെന്നും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
'ജഡ്ജി ഹണി എം വര്‍ഗീസ് തന്റെ അടുത്ത സഹായിയായ ഷെര്‍ലി വഴി വിധിന്യായം തയ്യാറാക്കുകയും എട്ടാം പ്രതിയുടെ അടുത്ത കൂട്ടുകാരനായ ഹോട്ടല്‍ വ്യവസായി ശരത്തിനെ കാണിച്ചു ഉറപ്പിച്ച ശേഷം അതനുസരിച്ചുള്ള വിധി 2025 ഡിസംബര്‍ 8ന് പ്രസ്താവിക്കാന്‍ പോകുകയാണ്' എന്ന് കത്തില്‍ പറയുന്നു. 'രണ്ട് മുതിര്‍ന്ന കേരള ഹൈക്കോടതി ജഡ്ജിമാരും എറണാകുളം ജില്ലയുടെ ചുമതലയുള്ള മറ്റൊരു ജഡ്ജിയും എല്ലാ കാര്യങ്ങളിലും അവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇതാണ് നീതിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സെഷന്‍സ് ജഡ്ജിക്ക് ധൈര്യം നല്‍കുന്നത്,' എന്നും കത്തില്‍ പറയുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതി ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആദ്യ ആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനല്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയും കുറ്റവിമുക്തരാക്കി.
ഒന്നാംപ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജേഷ്, അഞ്ചാംപ്രതി വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ദൃശ്യങ്ങള്‍ പകര്‍ത്തി ഐടി ആക്ട് ലംഘനം എന്നിവയാണ് ആദ്യ ആറ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.
വെറുതേവിട്ട ഏഴാം പ്രതി ചാര്‍ളി തോമസിനെതിരെ പ്രതികളെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ജയിലില്‍ വെച്ച് പള്‍സര്‍ സുനിയെ ദിലീപിന്റെ ആളുകളുമായി ബന്ധപ്പെടാന്‍ സഹായിച്ചതിന് മേസ്തിരി സനിലിനെതിരെയും തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെയും തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയിന്‍മേല്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതാണ്.
There are suspicions that key details of the verdict in the actress attack case were leaked a week before the official announcement. The Kerala High Court Advocates Association confirmed that a letter containing information about the verdict was received prior to the December 8 pronouncement. The association has submitted the letter to the Chief Justice, raising concerns about a breach of confidentiality in this sensitive case.
According to the letter, the seventh, eighth, and ninth accused—Charlie Thomas, Gopalakrishnan (Dileep), and Sanalkumar—would be acquitted, while the remaining six accused would face punishment. The verdict, when announced, aligned with these predictions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."