ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം അഞ്ച് ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത ഈ ആക്രമണത്തിൽ ലഷ്കറെ തയിബ, ജയ്ഷെ സംഘടനകളുമായി ബന്ധമുള്ള പ്രമുഖ ഭീകരരാണ് കൊല്ലപ്പെട്ടത്.
മേയ് 7ന് പുലർച്ചെ നടന്ന ഓപ്പറേഷനിൽ മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ്), മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ആക്രമണത്തിൽ 30-ലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇപ്പോഴാണ് വ്യക്തമായത്.
വധിക്കപ്പെട്ട ഭീകരർ
മുദാസർ ഖാദിയാൻ ഖാസ്: ലഷ്കറെ തയിബയുടെ മുറിദ്കെയിലെ മർക്കസ് തയിബയുടെ ചുമതല വഹിച്ചിരുന്നു. അബു ജുൻഡാൽ എന്ന പേര് കൂടി ഉപയോഗിച്ചിരുന്ന ഇയാളുടെ സംസ്കാരച്ചടങ്ങിൽ ലഷ്കർ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്, പാക്ക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറൽ, എന്നിവർ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെ ഒരു സർക്കാർ സ്കൂളിൽ നടന്ന ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ വിദേശകാര്യ മന്ത്രാലയം പാക്ക് സൈന്യം ഭീകരർക്ക് പിന്തുണ നൽകുന്നതിന്റെ തെളിവായി പുറത്തുവിട്ടിരുന്നു.
ഹാഫിസ് മുഹമ്മദ് ജമീൽ: ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവ്. ബഹാവൽപുരിലെ മർക്കസ് സുബാൻ അല്ലായുടെ ചുമതല വഹിച്ചിരുന്ന ഇയാൾ, ധനസമാഹരണത്തിലും യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിലും സജീവമായിരുന്നു.
മുഹമ്മദ് യൂസുഫ് അസ്ഹർ: മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവ്. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേര് കൂടി ഉപയോഗിച്ചിരുന്ന ഇയാൾ, ജയ്ഷെ ആയുധ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പ്രതിയും ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ പങ്കാളിയുമായിരുന്നു.
ഖാലിദ് (അബു ആകാഷ്): ലഷ്കറെ തയിബ പ്രവർത്തകൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. ഫൈസലാബാദിൽ നടന്ന ഇയാളുടെ സംസ്കാരച്ചടങ്ങിൽ പാക്ക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തു.
മുഹമ്മദ് ഹസൻ ഖാൻ: ജയ്ഷെ പ്രവർത്തകനും പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ ഓപ്പറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനും. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
അബ്ദുൽ അസ്ഹർ റൗഫിന്റെ മരണം
മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."