അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര്‍ അറസ്റ്റില്‍
റിയാദ്: അഴിമതി നടത്തിയതിനും ഓഫീസ് ദുരുപയോഗം നടത്തിയതിനുമായി സഊദിയില്‍ 120 പേര്‍ അറസ്റ്റില്‍. സഊദി അഴിമതി വിരുദ്ധ ഏജന്‍സി ഈ മാസം 435 പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ 120 പേരെ അഴിമതി നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആഭ്യന്തരം, പ്രതിരോധം, മുനിസിപ്പാലിറ്റികള്‍, ഭവന നിര്‍മ്മാണം, മാനവ വിഭവശേഷി, ഗതാഗതം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി എന്നിവിടങ്ങളിലെയും ജീവനക്കാരാണ് അറസ്റ്റിലായതെന്ന് ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, ഓഫീസ് ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.
പൊതു ഓഫീസ് ദുരുപയോഗം ചെയ്യുന്ന ആരെയും നിരീക്ഷിക്കുന്നതിനും, തുറന്നുകാട്ടുന്നതിനും, പ്രോസിക്യൂട്ട് ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത നസഹ ആവര്‍ത്തിച്ചു. പൊതു ഫണ്ടുകള്‍ സംരക്ഷിക്കുമെന്നും പൊതു, സ്വകാര്യ മേഖലകളില്‍ സുതാര്യത ശക്തിപ്പെടുത്തുമെന്നും നസഹ അറിയിച്ചു.
സമീപ വര്‍ഷങ്ങളില്‍, സഊദി അറേബ്യയിലെ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെയും ബിസിനസുകാരെയും അഴിമതിയുടെയും പൊതുപണം ദുരുപയോഗം ചെയ്യുന്നതിന്റെയും പേരില്‍ ചോദ്യം ചെയ്തിരുന്നു.
ജനുവരിയില്‍, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 1,708 പേരെ സഊദി അധികൃതര്‍ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സീസണില്‍, മക്കയിലെ പുണ്യസ്ഥലങ്ങളിലും അനുബന്ധ ഏജന്‍സികളിലുമായി നസഹ 9,600 പരിശോധനകള്‍ നടത്തിയിരുന്നു. പരിശോധനകള്‍ക്കൊടുവില്‍ അഴിമതിയുമായി ബന്ധപ്പെട്ട് 155 പേരെ അറസ്റ്റു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."