കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടേയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. എ.ഐ.സി.സിയുടെ അനുമതിയോടെയാണ് പുറത്താക്കലെന്നും സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് എതിരേ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം രാത്രി തന്നെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടിയിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് നടപടിയിലൂടെ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ കെ.പി.സി.സി നേതൃത്വത്തിലെ ഗ്രൂപ്പ് താല്‍പര്യങ്ങളും നടപടി നീളാന്‍ കാരണമായിട്ടുണ്ട്.
ഉചിതമായ സമയത്ത് നടപടി എന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചത്. ഇതിനിടെ, രാഹുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ വരെ രംഗത്തെത്തിയിരുന്നു. ജാമ്യ ഹരജിയില്‍ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും നല്‍കിയത്. രാഹുലിനെതിരേ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. രാഹുലിനെതിരേയുള്ള പരാതികള്‍ ഗൗരവതരമാണെന്ന അന്തിമ തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയിട്ടുണ്ടെന്നും ഇനിയും പാര്‍ട്ടിയില്‍ വച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ ആകില്ലെന്നുമാണ് കെ.പി.സി.സി നേതൃത്വം ദേശീയനേതൃത്വത്തെ അറിയിച്ചത്.
After the court denied his anticipatory bail in a sexual assault case, the Congress Party has expelled MLA Rahul Mangoottil. The move follows serious allegations and ongoing investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."