നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
മലപ്പുറം: നിലമ്പൂരില്‍ തനിക്ക് 75,000ന് മുകളില്‍ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പിവി അന്‍വര്‍. ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ത്ഥ്യമാണ് പറയുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും അതുകൊണ്ട് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാനും സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാമെന്നും അന്‍വര്‍.
പക്ഷേ താന്‍ പോകുന്നത് നിയമസഭയിലേക്ക് തന്നെ ആയിരിക്കും. ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 25% വോട്ടും യുഡിഎഫില്‍ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളുടെ വിഷയങ്ങള്‍ രണ്ട് മുന്നണികളും അവഗണിക്കുകയാണ് ചെയ്തത്.
അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന ആര്യാടന്‍ ഷൗക്കത്തിന്റെ പ്രസ്താവനയ്ക്കും അന്‍വര്‍ മറുപടി നല്‍കി. 2016 ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തതെന്നാണ് അന്‍വറിന്റെ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് നേടിയതും താന്‍ തന്നെയാണെന്നും അതിനാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നമുക്ക് കാണാമെന്നുമാണ് പിവി അന്‍വന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
നിലമ്പൂരില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തില്‍ ആദ്യവോട്ടറായത് നാടക,സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയായിരുന്നു. വൈകിട്ട് ആറു വരെയാണ് പോളിങ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടര്‍മാരാണ് ഇന്ന് നിലമ്പൂരിന്റെ വിധിയെഴുതുക. വോട്ടര്‍മാരില്‍ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമാണുള്ളത്്.
7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തുന്നതാണ്. 23ന് തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."