വിദേശ പര്യടനങ്ങള്‍ക്ക് മുമ്പും ശേഷവും പിതാവിന്റെ ഖബ്‌റിനരികെ: മാതാവിന്റെ പ്രര്‍ത്ഥനകള്‍; പരിഹാസങ്ങളെ പൂച്ചെണ്ടുകളാക്കുന്ന സിറാജ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ ഓരോ വിദേശ പര്യടനവും ആരംഭിക്കുന്നത് പിതാവിന്റെ ഖബ്റിനരികിലെ പ്രാർഥനയോടെയാണ്. ടൂർണമെന്റിന് മുമ്പും ശേഷവും പിതാവ് മുഹമ്മദ് ഗൗസിന്റെ ഖബ്ർ സന്ദർശിക്കുന്നത് സിറാജിന്റെ പതിവാണ്. 2021-ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പിതാവിനെ നഷ്ടപ്പെട്ടെങ്കിലും സിറാജെന്ന കായിക താരത്തെയും വ്യക്തിയെയും നയിക്കുന്നത് ഗൗസിന്റെ ഓർമകളും വാക്കുകളുമാണ്. അടുത്തിടെ തന്റെ പിതാവിന്റെ ജോലിയെയും തന്നെയും കളിയാക്കി നിരവധി പേർ രംഗത്തു വന്നപ്പോൾ അന്ന് ഉശിരൻ മറുപടി നൽകിയിരുന്നു സിറാജ്.
ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ എല്ലായ്പ്പോയും നന്ദിയുള്ളവനാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി ഒരു ഓട്ടോ ഡ്രൈവറുടെ മകൻ കളിക്കുമെന്ന് ആരാണ് കരുതിയിരുന്നത്? ഓരോ തവണയും ഒരു കുട്ടി വന്ന് ഞാനും ഇന്ത്യയ്ക്കു വേണ്ടി കളിക്കുമെന്ന് പറയുമ്പോൾ, ഞാൻ അഭിമാനത്തോടെ പുഞ്ചിരിക്കും. എന്നാൽ അതിനെ അപമാനമായി കണക്കാക്കുന്നവരുണ്ട്. എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വരുമ്പോൾ "നിങ്ങളുടെ പിതാവിനെപ്പോലെ ഓട്ടോ ഓടിക്കുന്ന ജോലിയിലേക്ക് മടങ്ങുക" എന്ന് പറയുന്ന ചിലരുണ്ട്.
പക്ഷേ എന്റെ പിതാവിന്റെ ജോലി അപമാനമല്ല, അത് എന്റെ ശക്തിയാണ്. കഠിനാധ്വാനം എന്താണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ആരെന്ത് പറഞ്ഞാലും തല താഴ്ത്തി മുന്നോട്ട് പോകുക. ഒരു നീണ്ട ദിവസത്തെ പരിശീലനത്തിനുശേഷം വീട്ടിലേക്ക് നടക്കുന്ന ആ ദിവസങ്ങളെല്ലാം വിശപ്പ് എന്താണെന്ന് ഞാൻ അറിഞ്ഞു. ആളുകൾ എന്നെ അവഗണിച്ചപ്പോഴെല്ലാം ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തു. വർഷങ്ങളുടെ പരിശ്രമം കൊണ്ടാണ് ഇപ്പോൾ ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നിട്ടും എന്റെ യാത്രയെ ഒരു സ്റ്റീരിയോടൈപ്പാക്കി മാറ്റാൻ ഓൺലൈനിൽ കുറച്ച് വാക്കുകൾ മാത്രമേ ആവശ്യമുള്ളൂ.
നിങ്ങൾ ഒരു ഓട്ടോ ഡ്രൈവറുടെ മകനായാലും സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെയോ മകനായാലും കഠിനാധ്വാനത്തിലാണ് കാര്യം, അന്ന് ഇൻസ്റ്റാഗ്രമിൽ സിറാജ് അവർക്ക് മറുപടി നൽകിയത് ഇങ്ങനെയാണ്.
"സിറാജ് തന്റെ പിതാവിനെ അത്രമേൽ സ്നേഹിക്കുന്നു. അവന്റെ പിതാവും അവനെ അത്ര തന്നെ സ്നേഹിച്ചിരുന്നു. എന്റെ പ്രാർഥനകൾ എപ്പോഴും സിറാജിനൊപ്പമുണ്ട്. അള്ളാഹു എന്റെ മകനെ അനുഗ്രഹിക്കട്ടെ," സിറാജിന്റെ മാതാവ് ഷബാന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സിറാജിന്റെ എല്ലാ മത്സരങ്ങളും ഷബാന ടെലിവിഷനിൽ കാണാറുണ്ട്. ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ എല്ലാ കളികളും അവർ കൈയടിയോടെയും ആർപ്പുവിളികളോടെയും കണ്ടിരുന്നു. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ സിറാജിന്റെ നിർണായക പ്രകടനമാണ് ഇന്ത്യയുടെ നാടകീയ വിജയത്തിന് കാരണമായത്. ഇന്ത്യ ജയിച്ചുകയറിയതോടെ പരമ്പര 2-2ന് സമനിലയിലായി.
"മാതാവിന്റെ പ്രാർഥനകളിൽ വലിയ ശക്തിയുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹമാണ് സിറാജിനെ ഇന്നത്തെ നിലയിലെത്തിച്ചത്," സഹോദരൻ മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. "എല്ലാ ദിവസവും അവൻ മാതാവിനോട് വീഡിയോ കോൾ വഴി സംസാരിക്കും. ‘നിന്റെ വളർച്ച തുടരുക, ഞങ്ങൾക്ക് അഭിമാനിപ്പിക്കാൻ കാരണക്കാരനായിരിക്കുക,’ എന്നാണ് മാതാവ് പറയാറ്." 2020ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പിതാവിന്റെ വിയോഗവാർത്ത അറിഞ്ഞപ്പോൾ, "എന്ത് സംഭവിച്ചാലും, ഇനി നിന്റെ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ," എന്നാണ് മാതാവ് പറഞ്ഞത്, ഇസ്മായിൽ ഓർത്തു.
ഓസ്ട്രേലിയയിൽ വൈകാരികമായി തകർന്ന സിറാജ്, വിരാട് കോഹ്‌ലിയുടെയും രവി ശാസ്ത്രിയുടെയും പിന്തുണയോടെ മുന്നോട്ടുപോയി. മൂന്ന് ടെസ്റ്റുകളിൽ 13 വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി. 2020 മുതൽ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവരെക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ചതും സിറാജാണ്.
"വിരാട് കോഹ്‌ലിയാണ് സിറാജിന്റെ പ്രചോദനം. 2018-ലെ ഐപിഎൽ സീസണിൽ സിറാജിനെ വിമർശനങ്ങൾ തളർത്തിയപ്പോൾ, വിരാട് അവനെ പിന്തുണച്ചു. ആർസിബിയിലും ഇന്ത്യൻ ടീമിലും അവന് അവസരങ്ങൾ നൽകി," ഇസ്മായിൽ പറഞ്ഞു. "സിറാജിന്റെ കരിയർ വിരാടിനോട് കടപ്പെട്ടിരിക്കുന്നു. ബിരിയാണി ഇഷ്ടപ്പെട്ടിരുന്ന സിറാജ്, വിരാടിന്റെ ഉപദേശത്തിന് ശേഷം ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുന്നു."
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തിരഞ്ഞെടുക്കപ്പെടാതിരുന്നത് സിറാജിനെ തളർത്തിയെങ്കിലും അവൻ കഠിന പരിശീലനത്തിലൂടെ തിരിച്ചുവന്നു. "ഐപിഎല്ലിനും ചാമ്പ്യൻസ് ട്രോഫിക്കും ഇടയിലുള്ള ഇടവേള അവനെ മാനസികമായും ശാരീരികമായും ശക്തനാക്കി. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി അവൻ മാറി," സഹോദരൻ അഭിമാനത്തോടെ പറഞ്ഞു.
indian pacer mohammad siraj visits his father’s grave before and after foreign tours, drawing strength from his mother’s prayers. once mocked, siraj now turns criticism into celebration with stellar performances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."