ഇനി പെന്ഷന് നല്‍കേണ്ട; റോഡില്‍ കസേരയിട്ട് സമരം ചെയ്ത പൊന്നമ്മ യാത്രയായി
തൊടുപുഴ: പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് നടുറോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90 കാരി യാത്രയായി. ആറു മാസത്തെ പെന്ഷന് കുടിശ്ശിക ലഭിക്കാതെയാണ് വണ്ടിപ്പെരിയാര്‍ എച്ച്.പി.സി റോഡരികില്‍ താമസിക്കുന്ന പൊന്നമ്മ അന്തരിച്ചത്. പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ പണമില്ലാതായതോടെ പൊന്നമ്മ റോഡില്‍ കസേരയിട്ട് വ്യത്യസ്തമായ സമരം ചെയ്തത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംഭവം.
കൂലിപ്പണിക്കാരനായ മകന് മായനോടൊപ്പമാണ് പൊന്നമ്മ കഴിഞ്ഞിരുന്നത്. പെന്ഷന് മുടങ്ങിയതോടെ അന്നത്തിന് പോലും വീട്ടില്‍ ബുദ്ധിമുട്ടായി. ഇതോടെയാണ് റോഡില്‍ കസേരയിട്ട് സമരം ചെയ്തത്. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം പൊലിസെത്തി ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് രാവിലെ നാട്ടുകാരില്‍ ചിലര്‍ പൊന്നമ്മയുടെ വീട്ടിലെത്തി വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഒരു മാസത്തെ പെന്‍ഷനും നല്കി.
മാര്‍ച്ചില്‍ സര്‍ക്കാര്‍ ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരുന്നു. എന്നാല്‍ മസ്റ്ററിങ് പൂര്‍ത്തികരിച്ചെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഹാജരാക്കിയിരുന്നില്ല. പിന്നീട് പൊന്നമ്മയുടെ മകന് മായന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി. എന്നാല്‍ ആറ് മാസത്തെ പെന്ഷന് എന്ന സ്വപ്നം ബാക്കി വച്ച് പൊന്നമ്മ ഇന്നലെ ഉച്ചയോടെ യാത്രയാകുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."