മൊബൈല്‍ മേഖലയിലെ സ്വദേശിവത്ക്കരണം; 100 പരിശോധകരെക്കൂടി നിയമിച്ചു
ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്ക്കരണ പരിശോധന ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം 100 പുതിയ പരിശോധകരെക്കൂടി നിയമിച്ചു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും 100 ശതമാനം സ്വദേശികളായ യുവതി യുവക്കളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ തീരുമാനം ഏതുവിധേനയും നടപ്പാക്കുന്നതിനാണ് പുതിയ പരിശോധകരെ നിയമിച്ചത്. മൊബൈല്‍ ഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കുമെല്ലാം നിയമം ബാധകമാണ്.
തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പൂര്‍ണമായും നടപ്പാക്കുകയും ഈ രംഗത്ത് സംഭവിക്കാനിടയുള്ള നിയമ ലംഘനം തടയുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ പ്രത്യേക പദ്ധതികള്‍ക്കായുള്ള അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക രംഗം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിപണി നീക്കങ്ങളേയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി യുവതി യുവാക്കളെ നിയമിക്കാന്‍ മതിയായ അവസരം നല്‍കിയ ശേഷവും മൊബൈല്‍ ഫോണ്‍ രംഗത്ത് വിദേശികള്‍ തൊഴിലെടുക്കുന്നത് തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. രാജ്യത്തെ വിപണി നിയമങ്ങളെ അനുസരിക്കാന്‍ എല്ലാവരും തയാറാകണം. നിയമ ലംഘനം നടത്തുന്നവരെ പിടികൂടി ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അശഹ്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടന്ന പരിശോധനകളില്‍ 25,000 കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പാക്കിയതായി സ്ഥിരീകരിച്ചു. 3670 നിയമ ലംഘനങ്ങള്‍ പരിശോധന സംഘം പിടികൂടുകയും 2057 സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഭീഷണി നേരിടുന്നതിനായി അടച്ചിട്ട 1023 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അബ്ദുല്‍ മുന്‍ഇം ബിന്‍ യാസീന്‍ അശഹ്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."