കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടം; നേതാക്കൾക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്‌യുടെ റാലി 40 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ പാർട്ടി നേതാക്കൾക്കെതിരേ കേസ്. മുൻ എം.എൽ.എയും ടി.വി.കെ ജനറൽ സെക്രട്ടറിയും പാർട്ടിയിലെ രണ്ടാമനുമായ എൻ. ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി നിർമൽ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകംഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുസേവകരുടെ ഉത്തരവ് അനുസരിക്കാതിരിക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
അപകടം റിട്ട. ജഡ്ജി അരുണ ജഗദീശനാണ് അന്വേഷിക്കുന്നത്. ഇവർ ഇന്നലെ രാത്രിയോടെ സംഭവസ്ഥലം സന്ദർശിച്ചു. ദുരന്തത്തിൽ ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.വി.കെ നൽകിയ ഹരജിയും പാർട്ടിയുടെ തുടർന്നുള്ള റാലികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹരജിയും മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. റാലിക്ക് പൊലിസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അനാവശ്യമായി ലാത്തിവീശിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ടി.വി.കെ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് ആകെ 32 ലക്ഷം രൂപ ധനസഹായം ലഭിക്കും. ടി.വി.കെ 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 10 ലക്ഷവും കേന്ദ്രസർക്കാർ രണ്ടുലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന കൂറ്റൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30ഓടെയാണ് തമിഴകത്തെ നടുക്കിയ ദുരന്തമുണ്ടായത്. ചൂടും തിക്കുംതിരക്കും കാരണം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. 18 സ്ത്രീകളും 13 പുരുഷൻമാരും ഒമ്പത് കുട്ടികളുമാണ് മരിച്ചത്. ഇതിൽ രണ്ടുവയസുള്ള കുഞ്ഞും ഉൾപ്പെടും. 30 ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."