ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം
ഹൈദരാബാദ്: വ്യാജ വെബ്‌സൈറ്റിൽ നിക്ഷേപിച്ചതിനെ തുടർന്ന് ഹൈദരാബാദ് സ്വദേശിക്ക് നഷ്ടമായത് 97 ലക്ഷം രൂപ. ഹൈദരാബാദ് സ്വദേശിയായ 58 വയസുകാരൻ അഭിഭാഷകനാണ് നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായത്. ചെന്നൈയിൽ സ്വദേശിയെന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട റിതു റെഡ്ഡി എന്ന യുവതിയാണ് തട്ടിപ്പ് നടത്തിയത്.
ദിവസങ്ങൾക്ക് മുൻപാണ് റിതു റെഡ്ഡിയിൽ നിന്ന് പരാതിക്കാരനായ അഭിഭാഷകന് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. ഇത് സ്വീകരിച്ചതിനു പിന്നാലെ സാധാരണ രീതിയിൽ ഇവർ ആശയവിനിമയം നടത്തി അടുപ്പം സ്ഥാപിച്ചു. പിന്നീട് അവർ ഒരു ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം - www.finalto-indus.com - പരാതിക്കാരന് പറഞ്ഞുകൊടുത്തു. അന്താരാഷ്ട്ര വ്യാപാരത്തിലൂടെ യുഎസ് ഡോളറിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റ് ആണെന്നും റിതു റെഡ്ഡി പറഞ്ഞു.
താല്പര്യം പ്രകടിപ്പിച്ച പരാതിക്കാരന്റെ വാട്ട്‌സ്ആപ്പ് നമ്പർ ഇവർ വാങ്ങുകയും പിന്നീട് അതുവഴി സംഭാഷണം തുടരുകയും ചെയ്തു. വെബ്‌സൈറ്റിന്റെ നിക്ഷേപ രീതികൾ റിതു വിശദമായി വിശദീകരിക്കുകയും നിക്ഷിപ്പിക്കേണ്ട വഴികളും അവർ പറഞ്ഞു നൽകി. തുടക്കത്തിൽ അഭിഭാഷകൻ കുറച്ച് പണം നിക്ഷേപിച്ചു. ഇതുവഴി കുറച്ച് ലാഭം നേടി.
ഇതോടെ റിതു റെഡ്ഡി കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും, അത് കൂടുതൽ നേട്ടം ഉണ്ടാക്കി നൽകുമെന്നും പരാതിക്കാരനെ പറഞ്ഞ് ബോധ്യപ്പെടുത്തി. പിന്നാലെ സ്വർണം പണയം വച്ചും വായ്പയെടുത്തും സമാഹരിച്ച 97.36 ലക്ഷം രൂപ അദ്ദേഹം നിക്ഷേപിച്ചു. വെബ്‌സൈറ്റ് നൽകിയ നിർദ്ദേശപ്രകാരം, ഓരോ തവണയും വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തുനൽകിയത്. പിന്നീട്, പ്രതികൂല വിപണി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരം താൽക്കാലികമായി നിർത്തിവച്ചു.
ഇതിനുശേഷം, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, ലാഭത്തിന്റെ 20% (ഏകദേശം 52 ലക്ഷം രൂപ) എക്സ്ചേഞ്ച് ഫീസായി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അത് നിലവിൽ ലാഭമായി ലഭിച്ച തുകയിൽ നിന്ന് കുറച്ച് ബാക്കി നൽകിയാൽ മതിയെന്ന് അറിയിച്ചെങ്കിലും അതിന് അവർ തയ്യാറായില്ല. ഇതോടെയാണ് നടന്നത് തട്ടിപ്പ് ആണെന്നും താൻ വഞ്ചിക്കപ്പെട്ടെന്നും പരാതിക്കാരനായ അഭിഭാഷകന് മനസിലായത്.
പിന്നാലെ, ഹൈദരാബാദിലെ രചകൊണ്ട സൈബർ ക്രൈം പൊലിസിൽ എത്തി ഇയാൾ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."