2013 ൽ അവസാന റൗണ്ട് പാസാകാത്തതിനാൽ ഗൂഗിളിലെ ജോലി നഷ്ടമായി; 12 വർഷത്തിനിപ്പുറം ഇന്ത്യ സ്റ്റാർട്ടപ്പിന്റെ ഹെഡായി നിയമിച്ച് ഗൂഗിൾ; ലീപ്.ക്ലബ് സഹസ്ഥാപക രാഗിണി ദാസിന്റെ വിജയകഥ
ഗൂഗിളിന്റെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ മേധാവിയായി രാഗിണി ദാസിനെ നിയമിച്ചതായി ഗൂഗിൾ അറിയിച്ചു. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കായ ലീപ്.ക്ലബിന്റെ സഹസ്ഥാപകയാണ് രാഗിണി ദാസ്. 2013 ൽ ഗൂഗിലേക്ക് എത്താൻ വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട അവർക്ക് പുതിയ സ്ഥാനം കഴിവിനുള്ള അംഗീകാരമായി മാറി.
തന്റെ കരിയറിലെ ഒരു അർത്ഥവത്തായ നിമിഷമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ലിങ്ക്ഡ്ഇനിൽ രാഗിണി ദാസ് തന്റെ നിയമനം പ്രഖ്യാപിച്ചു. 'ജീവിതം പൂർണ്ണ വൃത്തത്തിലെത്തിയിരിക്കുകയാണ്. ഗൂഗിളിന്റെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ തലവനായി ഞാൻ ഗൂഗിളിൽ ചേർന്ന വിവരം പങ്കിടുന്നതിൽ എനിക്ക് ആവേശമുണ്ട്" അവർ ലിങ്ക്ഡ്ഇനിൽ എഴുതി.
2013-ലാണ് രാഗിണി ദാസ് തന്റെ കരിയർ ആരംഭിച്ചത്. ആ വർഷം അവർ ഗൂഗിളുമായും സൊമാറ്റോയുമായും അഭിമുഖം നടത്തി. എന്നാൽ, ഗൂഗിളിന്റെ അവസാന റൗണ്ട് കടന്ന് മുന്നേറാൻ അവർക്ക് കഴിഞ്ഞില്ല. പിന്നാലെ അവർ സൊമാറ്റോയിൽ ചേർന്നു. അവിടെ സെയിൽസ്, ഇന്റർനാഷണൽ എക്സ്പാൻഷൻ എന്നീ മേഖലകളിൽ അവർ പ്രവർത്തിച്ചു. ആറ് വർഷം സൊമാറ്റോയിൽ ചെലവഴിച്ചതിന് ശേഷം 2019-ൽ കമ്പനി വിട്ടു.
ലീപ്.ക്ലബ്
2020-ൽ, സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കായ ലീപ്.ക്ലബ് എന്ന ആശയത്തിന്റെ സഹസ്ഥാപകമായി അവർ. ഈ സംരംഭം തനിക്ക് ലക്ഷ്യവും ഐഡന്റിറ്റിയും നൽകിയെന്നും "ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു" എന്നും അവർ പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ നെറ്റ്‌വർക്ക് വികസിപ്പിക്കാനും, ജോലി കണ്ടെത്താനും, പ്രേക്ഷകരെ സൃഷ്ടിക്കാനും, സുഹൃത്തുക്കളെ ഉണ്ടാക്കാനും സഹായിക്കുന്നതിനായി പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ലീപ്.ക്ലബ്. എന്നാൽ 2025-ൽ Leap.club പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
ഇതിന് പിന്നാലെ 2025 ഓഗസ്റ്റിൽ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് തസ്തികയിലേക്ക് അപേക്ഷിച്ചതായി രാഗിണി ദാസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒരിക്കൽ നിരസിക്കപ്പെട്ട ഗൂഗിളിന്റെ ഇന്ത്യയിലെ സുപ്രധാന സ്ഥാനത്തേക്ക് അവർ വീണ്ടും എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."