വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു
ഗസ്സ: ഹമാസ് ബന്ദികളെ മോചിപ്പിച്ച് ഒരു ദിവസത്തിന് ശേഷം ഗസ്സ സിറ്റിയിൽ ഇസ്റാഈൽ സൈന്യം അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുകയാണ്.
അഞ്ച് പേരെ വധിച്ചെന്ന കാര്യം ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവർ തങ്ങളുടെ സൈനികരെ സമീപിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് വെടിവെച്ചതെന്നുമാണ് ഇസ്റാഈൽ സൈന്യത്തിൻ്റെ അവകാശവാദം. ഇക്കഴിഞ്ഞ ദിവസം 28 വയസ്സുള്ള ഫലസ്തീൻ പത്രപ്രവർത്തകയായ സാലിഹ് അൽജഫറാവിയെ ഇസ്റാഈൽ പിന്തുണയുള്ള സായുധസംഘം കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം, ഹമാസ് തടവിലാക്കിയിരുന്ന ഏഴ് ഇസ്റാഈലി ബന്ദികളെ ഇസ്റാഈൽൽ അധിനിവേശ സേനയ്ക്ക് (IDF) കൈമാറിയിരുന്നു. ഇതിന് പകരമായി, ഇസ്റാഈൽ 1,900-ൽ അധികം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ക്ഷാമം ബാധിച്ച ഗസ്സയിലേക്ക് ഭക്ഷണവും സഹായ സാമഗ്രികളും എത്തിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു.
മോചിതരായ ഫലസ്തീൻ തടവുകാരെ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലേക്ക് കൊണ്ടുപോയപ്പോൾ വൻ ആർപ്പുവിളികളോടെയാണ് ആളുകൾ സ്വീകരിച്ചത്.
തടവുകാർ നേരിട്ടത് ക്രൂര പീഡനം
ഇസ്റാഈൽ ജയിലുകളിൽ നിന്ന് മോചിതരായ തടവുകാർ തീവ്രമായ അക്രമത്തിൻ്റെയും പീഡനത്തിൻ്റെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ജയിൽ ജീവിതം ഇവരെ ഭയാനകമായ അവസ്ഥയിലേക്കാണ് നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
"കഴിഞ്ഞ 2 വർഷമായി ഇസ്റാഈലി ജയിലുകൾക്കുള്ളിൽ പീഡനവും അക്രമവും ആസൂത്രിതമായി നടപ്പാക്കുകയാണ്. ഈ തടവുകാർ ക്രൂരമായ പീഡനം സഹിച്ചു," അധിനിവേശ വെസ്റ്റ് ബാങ്കിലെ ബിർസിറ്റ് സർവകലാശാലയിലെ പ്രൊഫസർ ഫരാജ് അൽ ജസീറയോട് പ്രതികരിച്ചു.
"അവരെ തല്ലുകയും പീഡിപ്പിക്കുകയും അതിക്രമിക്കുകയും ചെയ്തിട്ടുണ്ട്, ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫലസ്തീൻ ഡോക്ടർമാരായ ഡോ. ഹുസാം അബു സഫിയ, ഡോ. മർവാൻ അൽ ഹംസ് എന്നിവരെ വിട്ടയക്കാൻ ഇസ്റാഈൽ വിസമ്മതിച്ചു.
ഞെട്ടിക്കുന്ന കണക്കുകൾ
കഴിഞ്ഞ 2 വർഷ കാലത്തോളം ഇസ്റാഈൽ നടത്തിയ നിരന്തര സൈനിക നടപടിയിൽ ഇതുവരെ 67,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 170,000 പേർക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."