മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നു ജലം പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. പരമാവധി 5000 ക്യൂസെക്സ് വരെ അധിക ജലം പുറത്തേക്ക് ഒഴുക്കി വിടും.
സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കൻഡിൽ 1063 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നു. ജലനിരപ്പ് 138 അടിയിൽ എത്തിയതോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
നിലവിൽ ഇടുക്കിയിൽ അതിശക്തമായ മഴ തുടരുകയാണ്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടിയതായും സംശയം നിലനിൽക്കുന്നുണ്ട്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. താന്നിമൂട് മേഖല പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. നെടുങ്കണ്ടംകമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലുമായി.
അതേസമയം ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുകൾ ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."