നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും
പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമര എന്നറിയപ്പെടുന്ന ചെന്താമരാക്ഷന്റെ ശിക്ഷ ഇന്ന് (ഒക്‌ടോബർ 18) വിധിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യം കൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. വിധി വ്യാഴാഴ്ച പറയുമെന്നായിരുന്നു മുൻപ് പറഞ്ഞെതെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിധി കേൾക്കാൻ സജിതയുടെ മക്കൾ കോടതിയിൽ എത്തും
നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിതയെ 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിലെ ഏക പ്രതിയാണ് ഇയാൾ. ഈ കേസിൽ വിചാരണക്കിടെ രണ്ടര വർഷത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചെന്താമര സജിതയുടെ ഭർത്താവിനെയും അമ്മയെയും കൂടി കൊലപ്പെടുത്തിയിരുന്നു.
പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു. പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.
നാടിനെ നടുക്കിയ മൂന്ന് കൊലപാതകങ്ങൾ
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിത ആണെന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. ഈ കേസിൽ വിയ്യൂർ ജയിലിൽ വിചാരണ തടവുകാരനായി കഴിയവേ രണ്ടു വർഷവും ഒൻപതു മാസത്തേയും ജയിൽവാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു.
ഇതിന് പിന്നാലെ ഈ വർഷം ജനുവരി 27 നാണ് ക്രൂരമായ രണ്ട് കൊലപതകങ്ങൾ കൂടി നടത്തിയത്. നേരത്തെ കൊലപ്പെടുത്തിയ സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ഇയാളെ പിടികൂടി ജയിലിൽ അടക്കുകയായിരുന്നു.
സജിതയുടെ വീടിനകത്ത് ചോര വീണിടത്ത് കണ്ട ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം സജിതയുമായുള്ള മൽപിടുത്തത്തിനിടയിൽ ചെന്താമരയുടെ ഷർട്ടിന്റെ പോക്കറ്റ് കീറി നിലത്തു വീണിരുന്നു. ഈ വസ്ത്രം ചെന്താമരയുടെ തന്നെയാണെന്ന് ഇയാളുടെ ഭാര്യ മൊഴി നൽകിയതും പ്രതിക്ക് കുരുക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."