സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്‌റാഈല്‍ ആക്രമണം; ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പെടെ ഏഴ് മരണം
ദുബൈ: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്‌റാഈല്‍ ആക്രമണം. ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവലൂഷനറി ഗാര്‍ഡിലെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റേസ സഹദി, സീനിയര്‍ കമാന്‍ഡര്‍ മുഹമ്മദ് ഹാദി ഹജ്‌റൈഹിമി എന്നിവരാണ് കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍.
ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്നും എംബസി സമുച്ചയത്തിലെ കോണ്‍സുലേറ്റ് ബില്‍ഡിങ്ങിന് നേരെ എഫ് ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് ആറ് മിസൈലുകളാണ് തൊടുത്തുവിട്ടതെന്നും സിറിയയിലെ ഇറാന്‍ അംബാസഡര്‍ ഹുസൈന്‍ അക്ബരി അറിയിച്ചു. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല.
ഗസ്സയിലെ തോല്‍വിക്ക് ഇസ്‌റാഈല്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങള്‍ മുന്നറിപ്പു നല്‍കി. ദമസ്‌കസ് ആക്രമണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. യു.എ.ഇ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. ഗസ്സ യദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈലിന്റെ ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് കോണ്‍സുലേറ്റ് ആക്രമണമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമാണ് ആക്രമണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍അബ്ദുല്ലാഹിയാന്‍ പ്രതികരിച്ചു. ആക്രമണത്തോട് പ്രതികരിക്കാന്‍ ഇറാന് അവകാശമുണ്ട്. ഏത് തരത്തിലുള്ള പ്രതികരണമാവുമെന്നും ആക്രമണകാരികള്‍ക്കുള്ള ശിക്ഷയെന്താണെന്നും തീരുമാനിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.
ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനലിനെ ഇസ്‌റാഈലില്‍ നിന്ന് പുറന്തള്ളുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു. അല്‍ ജസീറക്ക് ഇസ്‌റാലില്‍ പ്രവര്‍ത്തനാനുമതി വലക്കണമെന്നാവശ്യപ്പടുന്ന കരടുബില്‍ പാര്‍ലമെന്റ് പാസാക്കി. ഹമാസിന്റെ ആയുധമായി അല്‍ജസീറ മാറിയെന്നാണ് ഇസ്‌റാഈലിന്റെ കുറ്റപ്പെടുത്തല്‍. സത്യം മറച്ചുവെക്കാനുള്ള ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാത്മകമാണെന്ന് മനുഷ്യാവകാശ മാധ്യമ സംഘടനകള്‍ കുറ്റപ്പെടുത്തി.
സൈന്യം പിന്‍വാങ്ങിയ ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ അവശേഷിച്ചത് ഹൃദയഭേദകമായ കാഴ്ചകളാണ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അല്‍ശിഫയും പരിസരത്തെ കെട്ടിടങ്ങളും തകര്‍ത്തുതരിപ്പണമാക്കിയാണ് ഇസ്‌റാഈല്‍ സേനയുടെ പിന്മാറ്റം. രണ്ടാഴ്ച നീണ്ട സൈനിക ക്രൂരത അവസാനിപ്പിച്ചാണ് സൈനിക പിന്‍മാറ്റം എന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോ ദൃശ്യങ്ങള്‍ ശരിയാണെങ്കില്‍ ഏറെ അസ്വാസ്ഥ്യജനകമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ആശുപത്രിയില്‍ നൂറുകണക്കിന് രോഗികളും മറ്റുമാണ് കൊല്ലപ്പെട്ടത്.
അതേസമയം, നെതന്യാഹുവിന്റെ രാജിക്കായി ഇസ്‌റാഈലില്‍ പ്രക്ഷോഭം ശക്തമായി കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."