രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. ഫയര്‍ഫോഴ്‌സും പൊലിസും ചേര്‍ന്നാണ് ഹെലികോപ്റ്റര്‍ മുന്നോട്ട് തള്ളി നീക്കിയത്. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം.
ഇന്നലെ തുടങ്ങിയ ഹെലിപാഡ് നിര്‍മാണം രാവിലെയോടെയായിരുന്നു പൂര്‍ത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. അതേസമയം, രാഷ്ട്രപതിയുടെ യാത്രക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. രാഷ്ട്രപതിയേയും കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എത്തുന്ന ഹെലികോപ്റ്റര്‍ നിലക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീരുമാനം പെട്ടന്ന് മാറ്റുകയായിരുന്നു.
പ്രമാടത്ത് എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
റോഡ് മാര്‍ഗമാണ് രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചത്. 11.50 ഓടെ സന്നിധാനത്തെത്തും. പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറക്കും. എത്ര പേരാണ് രാഷ്ട്രപതിക്കൊപ്പമുണ്ടാവുക എന്ന കാര്യം സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല.
സന്നിധാനത്ത് രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ദര്‍ശനത്തിന് ശേഷം 12.20 ഓടെ സന്നിധാനത്തെ ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുക.
English Summary: During a recent visit, the helicopter carrying the President experienced an incident where its wheels sank slightly into the concrete landing surface. Prompt action was taken by both the police and fire department officials, who safely repositioned the helicopter. No injuries were reported, and the situation was brought under control quickly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."