മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്
കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ അപ്പീൽ സമർപ്പിക്കുന്ന വിഷയത്തിൽ നിയമവിദഗ്ധരുടെ ഉപദേശം കാത്ത് കേരള വഖ്ഫ് ബോർഡ്. വഖ്ഫ് ഭൂമിയുടെ സംരക്ഷണത്തിന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ അറിയിച്ചു.
മുനമ്പത്തെ തർക്കത്തിൽ ആവശ്യമായ പരിഹാരം നിർദേശിക്കുന്നതിന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലെന്ന് ഹൈക്കോടതി രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയകക്ഷി നേതൃത്വങ്ങൾ ആഗ്രഹിക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരത്തെ നിലപാടെടുത്തിരുന്നുവെങ്കിൽ ഹൈക്കോടതി മുമ്പാകെ സംസ്ഥാന സർക്കാരും സമാന നിലപാടെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് പ്രശ്‌നപരിഹാരം ഉണ്ടാക്കാനാണ് ഗവൺമെന്റിന്റെ നീക്കം.
എന്നാൽ വഖ്ഫ് ബോർഡും വഖ്ഫ് സംരക്ഷണ സമിതിയും ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാനിരിക്കുകയാണ്. വഖ്ഫ് സംരക്ഷണ സമിതിയുടെ അനാവശ്യവാദമാണ് ഹൈക്കോടതിയിൽ നിന്ന് പ്രതികൂല വിധിക്ക് ഇടയാക്കിയതെന്ന നിരീക്ഷണം ബോർഡിനുണ്ട്. മുനമ്പത്തെ ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ അവിടെ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മാർഗം നിർദേശിക്കാനാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷനെ അന്വേഷണ കമ്മിഷൻ നിയമപ്രകാരം നിയോഗിച്ചത്.
വഖ്ഫ് സ്വത്തിൽ ഒരു തരത്തിലുള്ള അന്വേഷണ കമ്മിഷനും നിലനിൽക്കില്ലെന്ന സംരക്ഷണ സമിതിയുടെ വാദം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് നിരാകരിക്കുകയാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മുനമ്പത്തേത് വഖ്ഫ് സ്വത്താണോ എന്ന കാര്യത്തിൽ ഈ രണ്ടംഗ ബെഞ്ച് പരാമർശങ്ങൾ നടത്തിയത്. അന്വേഷണ കമ്മിഷനെ എതിർക്കേണ്ടിയിരുന്നില്ലെന്ന വാദം ബോർഡിനുണ്ട്.
വഖ്ഫ് ബോർഡ് പ്രഖ്യാപിച്ചുവെന്നതു കൊണ്ട് മാത്രം ഒരു സ്വത്ത് വഖ്ഫാണെന്ന ധാരണ സംസ്ഥാന സർക്കാരിനില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പും സീനിയർ പ്ലീഡർ എസ്. കണ്ണനും കോടതിയെ ബോധിപ്പിച്ചു. സ്വത്ത് സമർപ്പിച്ച് 69 വർഷത്തിന് ശേഷം വഖ്ഫ് ബോർഡ് ഏകപക്ഷീയമായി വഖ്ഫായി പ്രഖ്യാപിച്ചതിനെപ്പറ്റി കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുനമ്പത്തെ താമസക്കാരെ വഖ്ഫ് ബോർഡ് കേട്ടില്ല. 1950 മുതൽ ഫാറൂഖ് കോളജ് ഈ സ്വത്തിനെ വഖ്ഫായി കണ്ടില്ലെന്നും സംസ്ഥാന സർക്കാർ അഭിഭാഷകർ കോടതിയെ അറിയിച്ചു.
അതിനിടെ വഖ്ഫ് സംരക്ഷണ സമിതിയും അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. റിവ്യൂ പെറ്റീഷൻ ഹൈക്കോടതിയിൽ നൽകുന്നതും പരിഗണനയിലുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ പ്രവർത്തനം അനുവദിക്കുന്നതിനേക്കാൾ ഗുരുതരമായിത്തീർന്നത് മുനമ്പം സ്വത്തിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണമാണ്. വഖ്ഫ് സ്വത്തുകൾ സംബന്ധിച്ച് തീവ്രവലതുപക്ഷക്കാർ ഉയർത്തുന്ന കാര്യങ്ങളാണ് ജഡ്ജുമാരിൽനിന്നുണ്ടായത്. ഈ പരാമർശങ്ങൾ ഈ തർക്കത്തിലെ വഖ്ഫ് ബോർഡ് ഭാഗത്തെ ദുർബലപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."