മസ്ജിദുൽ അഖ്‌സയുടെ അടിത്തറ ദുർബലമാക്കി ഇസ്‌റാഈലിന്റെ ഖനനം; ഇങ്ങനെ പോയാൽ വൈകാതെ അൽഅഖ്‌സ തകരുമെന്ന് ഖുദ്‌സ് ഗവർണറേറ്റ്
ജറൂസലം: അൽഅഖ്‌സ മസ്ജിദിന്റെ താഴെയും ചുറ്റുപാടും ഇസ്‌റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന ഖനനങ്ങൾ ജറൂസലമിലെ ഇസ്‌ലാമികവും ചരിത്രപരവുമായ ശേഷിപ്പുകൾക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതായി ഖുദ്‌സ് ഗവർണറേറ്റ്. ഫലസ്തീൻ വാർത്താ ഏജൻസിയായ വഫയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖുദ്‌സ് ഗവർണറേറ്റ് ഉപദേശകൻ മഅ്‌റൂഫ് അൽ രിഫാഇയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഇസ്‌റാഈലിന്റെ ഖനനങ്ങൾ അൽഅഖ്‌സ മസ്ജിദിന്റെ അടിത്തറ ദുർബലമാക്കി അസ്ഥിരപ്പെടുത്തുകയാണെന്നും ചരിത്രപരമായ വീടുകൾ, പുരാതന പാഠശാലകൾ തുടങ്ങിയ ഫലസ്തീനുമായി ബന്ധപ്പെട്ട ശേഷിപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യാതൊരു ശാസ്ത്രീയതയുമില്ലാതെ, മസ്ജിദിന്റെ ഘടനാപരമായ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന ഈ ജോലികൾ രഹസ്യമായും അന്താരാഷ്ട്ര മേൽനോട്ടമില്ലാതെയുമാണ് നടക്കുന്നത്.
ഖനനം മൂലമുണ്ടാകുന്ന വിള്ളലുകൾ അൽഅഖ്‌സ മസ്ജിദിന്റെ ചില ഭാഗങ്ങൾ തകരാൻ ഇടയാക്കുമെന്ന ആശങ്ക വർധിച്ചിട്ടുണ്ടെന്ന് അൽ മംലക ടി.വിക്ക് നൽകിയ അഭിമുഖത്തിൽ രിഫാഇ പറഞ്ഞു. അൽ അഖ്‌സ മസ്ജിദിന് തെക്ക് സിൽവാൻ പരിസരത്തുള്ള 600 മീറ്റർ നീളമുള്ള 'പിൽഗ്രിംസ് റോഡ്' തുരങ്കത്തിന് 50 ദശലക്ഷം ഷെക്കൽ (ഏകദേശം 133 കോടി രൂപ) ചെലവഴിച്ചിട്ടുണ്ട്. ഇത് അവർ അവകാശപ്പെടുന്നത് പോലെ പുരാവസ്തു ഗവേഷണമല്ല, ഇസ്‌റാഈലിന്റെ നിയന്ത്രണം ഏകീകരിക്കാനും ജറൂസലമിന്റെ ചരിത്രം തിരുത്തിയെഴുതാനും രൂപകൽപന ചെയ്ത രാഷ്ട്രീയ പദ്ധതികളാണ്-. മഅ്‌റൂഫ് അൽ രിഫാഇ പറയുന്നു.
പഴയ നഗരത്തെ ജൂതവൽക്കരിക്കാനും അതിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ സ്വഭാവത്തെ മാറ്റിമറിക്കുന്നതിനുമുള്ള ദീർഘകാല രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ഇസ്‌റാഈൽ സർക്കാർ നേരിട്ട് തുരങ്കങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. ഇസ്‌റാഈൽ 'ദാവീദിന്റെ നഗരം' എന്ന് വിളിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ പുരാതന ജലപാതകളായിരുന്ന കൽപാതകളിലൂടെ കടന്നുപോകുന്നുണ്ട്.
ഇവ വറ്റിച്ച് തുരങ്കങ്ങളായും മ്യൂസിയങ്ങളായും സിനഗോഗുകളായും മാറ്റുകയാണ്. അവിടെ 'ജബ്ബാന മാർക്കറ്റ്' എന്നറിയപ്പെടുന്ന ഇടം ജൂത വിനോദസഞ്ചാര പാതയായി മാറ്റിക്കഴിഞ്ഞു. പുണ്യസ്ഥലങ്ങളിൽ ഇസ്‌റാഈലിന്റെ നിയന്ത്രണം ശക്തിപ്പെടുത്താനും ജറൂസലമിന്റെ ഫലസ്തീൻ, ഇസ്‌ലാമിക സ്വഭാവം ഇല്ലാതാക്കാനുമാണ് ഈ തുരങ്കങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിയമത്തെയും ജറൂസലമിലെ പുണ്യസ്ഥലങ്ങളെ നിയന്ത്രിക്കുന്ന നിലവിലുള്ള സ്ഥിതിയെയും ഇത് ലംഘിക്കുകയാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."