കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്
കൊൽക്കത്ത: നാല് വയസുള്ള കുഞ്ഞിന്റെ തൊട്ടുമുന്നിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്, ഏഴംഗ കുടുംബത്തെ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. കൊൽക്കത്തയിലെ ടോളിഗഞ്ച് റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
വീടിന് മുന്നിൽ നിന്ന നാല് വയസുകാരന്റെ തൊട്ട് മുന്നിൽ വെച്ച് ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കുട്ടി ഭയന്ന് നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അൽപം മാറി പടക്കം പൊട്ടിക്കാമോയെന്ന് ആവശ്യപ്പെട്ടു. ഇത് പ്രകോപനമായതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗൃഹനാഥനും സംഭവം ചോദ്യം ചെയ്യാനായി പുറത്തെത്തി.ഇതോടെ 14 ഓളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇടിച്ച് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അക്രമി സംഘം വീട്ടിലെ ഫർണിച്ചറുകൾ അടക്കം അടിച്ച് നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയേയും സഹോദര ഭാര്യയേയും പീഡിപ്പിക്കാനും അക്രമി സംഘം ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നിൽ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന യുവാക്കളായിരുന്നുവെന്ന് കുടുംബം വിശദീകരിക്കുന്നു.കാളി പൂജയോടനുബന്ധിച്ച് വിഗ്രഹം നിമഞ്ജനം ചെയ്യാനുള്ള ഘോഷയാത്രക്കിടെയാണ് ഈ ആക്രമണം നടന്നത്.
പൊലിസ് സഹായം വൈകി, എം.പി. ഇടപെട്ടു:
ആളുകൾ വീട്ടിലേക്ക് ഇരച്ചുകയറി സ്ത്രീകളെ അടക്കം ആക്രമിച്ചപ്പോൾ പൊലിസിനെ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് ആക്രമണത്തിന് ഇരയായ കുടുംബം പരാതിപ്പെട്ടു. പിന്നാലെ മേഖലയിലെ ദക്ഷിണ കൊൽക്കത്ത എം.പി. മാല റോയിയെ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടതോടെയാണ് പൊലിസ് സംഭവ സ്ഥലത്ത് എത്തിയത്.ഉടൻ തന്നെ സ്ഥലത്തെത്തിയ എം.പി. അക്രമികളിൽ ചിലരെ പിടിച്ചുനിർത്തി പോലീസിന് കൈമാറുകയായിരുന്നു. ആക്രമിച്ചവരിൽ ചിലർ തങ്ങൾക്ക് പരിചയമുള്ളവരാണെന്ന് ഇരകൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
കാളി പൂജയിലെ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചത്തെ ആക്രമണം അടക്കം 12 ആക്രമണ സംഭവങ്ങളാണ് കൊൽക്കത്തയിൽ നടന്നതെന്നാണ് പൊലിസ് വിശദമാക്കുന്നത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സഷൻ കാളി പൂജ സംഘാടകർ വിശദീകരിക്കുന്നുണ്ടെങ്കിലും, പൊലിസ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."