പിഎം ശ്രീ വിവാദം: 'കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്; മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്; രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയ്ക്ക് അനുകൂലമായി സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിഎം ശ്രീ വിശദീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പദ്ധതിയിൽ ഒപ്പിട്ടതിനെക്കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും സതീശൻ ചോദിച്ചു.
പദ്ധതിയുടെ കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്. എന്നാൽ, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെ നിയോഗിച്ചതെന്ന് അദ്ദേഹം ആരാഞ്ഞു. മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണെന്ന് സിപിഐ എങ്കിലും മനസ്സിലാക്കണം. ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. ഇടതുമുന്നണിയിൽ സിപിഐയേക്കാൾ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞു.
പിഎം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകൾ ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നു, ആരാണ് ബ്ലാക്ക്‌മെയിൽ ചെയ്തത്, എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായത്? തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി. സഹികെട്ടാണ് ഇതേ ചോദ്യം സിപിഐ ചോദിച്ചത്. അതിന് പരിഹസിച്ച് ചിരിക്കുകയല്ല മറുപടി നൽകേണ്ടതെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു.
അതേസമയം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധനയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിഷയം പഠിക്കാനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വൈകിട്ട് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷൻ. കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. സിപിഐ, സിപിഐഎം പാർട്ടികളിൽ നിന്നുള്ള രണ്ട് മന്ത്രിമാർ വീതം ഉപസമിതിയിൽ ഇടം നേടിയിട്ടുണ്ട്.
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ വർദ്ധനവ് വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി വർദ്ധിപ്പിക്കും. മറ്റ് സാമ്പത്തിക സഹായം കിട്ടാത്ത ഏതാണ്ട് 33.34 ലക്ഷം സ്ത്രീകൾക്കായി പ്രതിമാസം 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷനും പ്രഖ്യാപിച്ചു. ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, അങ്കണവാടി ഹെൽപ്പർമാർ, സാക്ഷരതാ ഡയറക്ടർമാർ എന്നിവരുടെ ഹോണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവും സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയിൽ 50 രൂപയുടെ വർദ്ധനവും പ്രഖ്യാപിച്ചു. ഈ പുതിയ പ്രഖ്യാപനങ്ങളെല്ലാം കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, യുവ തലമുറയ്ക്ക് സ്‌കോളർഷിപ്പിനായി കണക്ട് ടു വർക്ക് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുമെന്നും കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാൻഡ് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇലക്ടറൽ റോൾ പരിഷ്കരണം (SIR); സർവ്വകക്ഷിയോഗം നവംബർ 5ന്
എസ്ഐആർ നടപ്പിലാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ നവംബർ അഞ്ചിന് സർവ്വകക്ഷിയോഗം ചേരാൻ തീരുമാനിച്ചു. എസ്ഐആർ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻമാറണമെന്ന നിയമസഭയുടെ ഐക്യകണ്ഠേനയുള്ള ആവശ്യം രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പൂർണ്ണമായി അവഗണിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
v. d. satheesan slams kerala cm pinarayi vijayan over pm shree scheme, calling the newly formed cabinet subcommittee a "cover-up" (thattikootu program). he questioned why the agreement was signed secretly and asked whom the chief minister was afraid of, suggesting that the hurried move was a betrayal of the state and humiliated the cpi, the key ally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."