ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്
വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് അടിയന്തര ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്. ഇതര ആണവ ശക്തികളുമായി കിടപിടിക്കുന്ന രീതിയിൽ ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് നിർദേശം നൽകിയതായി ട്രംപ് വ്യക്തമാക്കി.
അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്നതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ പോസൈഡൺ ടോർപ്പിഡോ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ വെളിപ്പെടുത്തിയിരുന്നു. ഉക്രൈനുമായുള്ള സംഘർഷത്തിൽ ട്രംപ് ഭരണകൂടം നിലപാട് കൂടുതൽ കടുപ്പിക്കുന്നതിനിടെയാണ് റഷ്യയുടെ നീക്കം.
ഒക്ടോബർ 21ന് പുതിയ ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിലൂടെയും ഒക്ടോബർ 22ന് ആണവ വിക്ഷേപണ പരിശീലനങ്ങളിലൂടെയും മേഖലയിലെ തങ്ങളുടെ കരുത്ത് ഉയർത്തിക്കാട്ടാനായിരുന്നു റഷ്യയുടെ ശ്രമം. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ തയാറെടുക്കാൻ ട്രംപ് യു.എസ് യുദ്ധവകുപ്പിന് നിർദേശം നൽകിയത്.
1992ലാണ് അമേരിക്ക അവസാനമായി ആണവായുധം പരീക്ഷിച്ചത്. പുതിയ ആണവായുധങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്നും പഴയവ പ്രവർത്തന സജ്ജമാണോയെന്നും പരിശോധിച്ച് ഉറപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്തരം പരീക്ഷണങ്ങൾ. റഷ്യക്കും ചൈനക്കും മേൽ അപ്രമാദിത്വം തെളിയിക്കുകകൂടിയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
1945 ജൂലൈയിൽ ന്യൂ മെക്‌സിക്കോയിലെ അലമോഗോർഡോയിൽ 20 കിലോടൺ അണുബോംബ് പരീക്ഷിച്ചുകൊണ്ട് അമേരിക്കയാണ് ലോകത്ത് ആണവപന്തയത്തിന് തുടക്കംകുറിച്ചത്. തുടർന്ന്, രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ 1945 ഓഗസ്റ്റിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തിൽ ആണവായുധ വിരുദ്ധ നീക്കങ്ങൾ സജീവമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."