കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത
കാൺപൂർ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാനും കാമുകനോടൊപ്പം സുഖമായി ജീവിക്കാനും വേണ്ടി സ്വന്തം മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയടക്കം മൂന്ന് പേർ കാൺപൂരിൽ പിടിയിലായി.
കൊല്ലപ്പെട്ടത് കാൺപൂരിലെ അംഗദ്‌പൂരിലുള്ള പ്രദീപ് സിങ് (25) എന്ന യുവാവാണ്.ഇയാളുടെ അമ്മ മംമ്ത സിങ്, അമ്മയുടെ കാമുകൻ മായങ്ക് കത്യാർ, മംമ്തയുടെ സഹോദരൻ ഋഷി എന്നിവരാണ് അറസ്റ്റിലായത്.ഭർത്താവിന്റെ മരണശേഷം മംമ്ത, മായങ്കുമായി അടുപ്പത്തിലായി. മകനായ പ്രദീപ് ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.മകന്റെ പേരിലുള്ള നാല് ലൈഫ് ഇൻഷുറൻസ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു.ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, തങ്ങളുടെ ബന്ധത്തിന് തടസ്സമുണ്ടാക്കിയ മകനെ ഒഴിവാക്കാനും മംമ്തയും കാമുകനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു.അത്താഴം കഴിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രദീപിനെ, താമസസ്ഥലത്തേക്ക് മടങ്ങും വഴി മായങ്കും ഋഷിയും ചേർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.മൃതദേഹം ദേശീയപാതയ്ക്കരികിൽ ഉപേക്ഷിച്ച് ഇത് അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രദീപിന്റെ തലയ്ക്ക് പിന്നിൽ ഒന്നിലധികം തവണ അടിയേറ്റ പാടുകൾ കണ്ടതോടെ കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.തുടർന്ന് നടന്ന അന്വേഷണത്തിൽ മംമ്ത-മായങ്ക് ബന്ധത്തെക്കുറിച്ചും, മകന്റെ പേരിലെ കോടികളുടെ ഇൻഷുറൻസ് തുകയെക്കുറിച്ചും പൊലിസിന് വിവരം ലഭിച്ചു.സംഭവം നടന്ന സമയത്ത് മംമ്തയും മായങ്കും ഒരേ സ്ഥലത്തായിരുന്നുവെന്ന് മൊബൈൽ ടവർ ലൊക്കേഷൻ വഴി കണ്ടെത്തി.ചോദ്യം ചെയ്യലിൽ ഇൻഷുറൻസ് പണത്തിന് വേണ്ടി മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മായങ്ക് മൊഴി നൽകി.
ഒളിവിൽ പോയ മംമ്തയെയും പ്രധാന പ്രതിയായ മായങ്കിനെയും പൊലിസ് പിടികൂടി.കൂട്ടുപ്രതിയായ ഋഷിയെ പൊലിസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇയാൾക്ക് പൊലിസിന്റെ വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, തോക്ക്, മൃതദേഹം മാറ്റാൻ ഉപയോഗിച്ച കാർ എന്നിവ പൊലിസ് കണ്ടെടുത്തു."പണത്തിന് വേണ്ടി മംമ്ത ഇത്ര വലിയ ക്രൂരത ചെയ്യുമെന്ന് കരുതിയില്ല," എന്ന് പ്രദീപിന്റെ മുത്തച്ഛൻ ജഗദീഷ് നാരായണൻ വേദനയോടെ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."