'എച്ച്' ഫയല്‍: രാഹുലിന്റെത് വന്‍ തയാറെടുപ്പോടെ നടത്തിയ വെളിപ്പെടുത്തല്‍; തെര.കമ്മീഷന് കൃത്യമായ മറുപടിയില്ല; സമയവും നിര്‍ണായകം
ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൃത്യമായ മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ ബിഹാറിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളിന്‍മേല്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കമ്മിഷന്‍ വാര്‍ത്താകുറിപ്പ് ഇറക്കിയെങ്കിലും ഇത്തവണ അതും ഉണ്ടായില്ല. കമ്മിഷന്‍ 'വൃത്തങ്ങള്‍' പറഞ്ഞു എന്ന രീതിയില്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പിടിഐ നല്‍കിയ പ്രതികരണം മാത്രമാണ് ഇക്കാര്യത്തില്‍ ഉള്ളത്. അതാകട്ടെ പതിവ് നിഷേധവുമാണ്. ബിജെപിക്കു വേണ്ടി കളത്തിലിറങ്ങിയ കേന്ദ്രമന്ത്രി റിജിജു, പരിഹാസത്തോടെയാണ് രാഹുലിനെ നേരിട്ടത്. രാഹുല്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ അഡ്രസ് ചെയ്തതുമില്ല.
ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങാനിരിക്കെ, പുതിയ വെളിപ്പെടുത്തലിന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും നിര്‍ണായകമാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേര്‍ന്ന് ഹരിയാനയിലെ ജനവിധി തട്ടിയെടുത്തു എന്ന വാക്യമാണ് രാഹുല്‍ ഉപയോഗിച്ചത്. മുമ്പ് വോട്ട് മോഷണം എന്ന പ്രയോഗമാണ് നടത്തിയതെങ്കില്‍, ഇത്തവണ സര്‍ക്കാരിനെ തന്നെ മോഷ്ടിച്ചുവെന്നാണ് പറഞ്ഞത്. ആരോപണങ്ങളെ സാധൂകരിക്കുന്ന കമ്മീഷന്റെ തന്നെ ഡാറ്റകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാണിക്കുകയും ചെയ്തതോടെ കമ്മീഷനും ബിജെപിയും ഒരു പോലെ പ്രതിരോധത്തിലുമായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതയും ബിജെപിയുടെ വിജയങ്ങളുടെ ആധികാരികതയും ഒരു പോലെ സംശയത്താലാക്കാനും രാഹുലിന് കഴിഞ്ഞു. കര്‍ണാടകയിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചു നടത്തിയ മുന്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കുന്ന എസ്‌ഐടിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സഹകരിക്കുന്നില്ലെന്ന വിമര്‍ശനവും ഉണ്ട്.
തുറന്നുകാട്ടി 'എച്ച്' ഫയല്‍
കര്‍ണാടകയിലെയും ബിഹാറിലെയും ഞെട്ടിക്കുന്ന വോട്ട് മോഷണ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അഭിപ്രായ സര്‍വേകളെയെല്ലാം അപ്രസക്തമാക്കിയുള്ള ഹരിയാനയിലെ ബി.ജെ.പിയുടെ വിജയം തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഉണ്ടാക്കിയതാണെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. 25 ലക്ഷം കള്ളവോട്ടുകള്‍ ആണ് ഹരിയാനയില്‍ കണ്ടെത്തിയതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ മൊത്തമായി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 'എച്ച്' ഫയലുകള്‍ എന്ന പേരില്‍ ആണ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ ക്രമക്കേടുകള്‍ പുറത്തുവിട്ടത്. പതിനായിരങ്ങളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയും നിരവധി വ്യാജവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയും ബി.ജെ.പിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനിന്നുവെന്ന്, പവര്‍ പോയിന്റ് പ്രസന്റേഷന്‍ സഹിതമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്.
കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ മുന്നണിയുടെയും ഉറച്ച മൂന്നര ലക്ഷം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത്തരത്തില്‍, ഒഴിവാക്കപ്പെട്ട വയോധികരും യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ രാഹുല്‍ ഗാന്ധി നേരിട്ടും വിഡിയോയിലൂടെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തു. ലോക്‌സഭയില്‍ വോട്ട് ചെയ്തവര്‍ക്ക്, തൊട്ടുപിന്നാലെ നടന്ന നിയമസഭയില്‍ വോട്ട് ഉണ്ടാകാതിരുന്നത് അസാധാരണമാണ്. ഹരിയാനയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. എന്നിട്ടും അതില്‍ 25 ലക്ഷത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്നും അതായത് സംസ്ഥാനത്തെ എട്ടിലൊന്നും കള്ള വോട്ടാണെന്നും രാഹുല്‍ ഗാന്ധി വോട്ടര്‍പട്ടിക പ്രദര്‍ശിപ്പിച്ച് പറഞ്ഞു. ഒരേ വ്യക്തി വ്യത്യസ്ത പേരുകളില്‍ വിവിധ മണ്ഡലങ്ങളിലെ പട്ടികയില്‍ ഇടംപിടിച്ചതും രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചു. ഇത്തരത്തില്‍ ഡസന്‍കണക്കിന് ക്രമക്കേടുകള്‍ നടത്തിയാണ്, ഹരിയാനയിലെ ജനവിധി ബി.ജെ.പി അട്ടിമറിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. വിദേശയുവതിയുടെ ഫോട്ടോ ഉപയോഗിച്ച് കൂട്ടത്തോടെ വ്യാജ വോട്ടുകള്‍ ഉണ്ടാക്കുകയും സംസ്ഥാനത്തിന് പുറത്തുള്ള ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹരിയാനയില്‍ വോട്ട് ഉണ്ടാക്കുകയും ചെയ്‌തെന്നും രാഹുല്‍ പറഞ്ഞു.
ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ പരക്കെ വന്‍ ക്രമക്കേടുകളാണ് നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പല്‍വിലെ 150ാം നമ്പര്‍ വീട് ബി.ജെ.പി നേതാവിന്റേതാണെന്നും 66 പേര്‍ക്ക് ഈ വീട്ടില്‍ വോട്ടുണ്ടെന്നും, പട്ടിക പ്രദര്‍ശിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. ഈ പ്രദേശത്തെ ചെറിയ വീട്ടില്‍ 108 വോട്ടുകളുണ്ടെന്നും കണ്ടെത്തി.
ബിഹാറിലെ വോട്ടര്‍ പട്ടിക സംബന്ധിച്ചും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചു. അവസാനനിമിഷമാണ് പട്ടിക കൈമാറിയത്. ഒരു കുടുംബത്തിലെ മുഴുവന്‍ വോട്ടുകള്‍ അകാരണമായി ഒഴിവാക്കിയതായി പറഞ്ഞ രാഹുല്‍, ദിലീപ് യാദവ് എന്ന ഭിന്നശേഷിക്കാരനായ വ്യക്തിയെയും കുടുംബത്തെയും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെതുള്‍പ്പെടെ ഗ്രാമത്തിലെ 187 പേരുടെ വോട്ടുകള്‍ ഒഴിവാക്കി. അപേക്ഷിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലെന്ന് ഒഴിവാക്കപ്പെട്ടവര്‍ പറഞ്ഞു.
ഹരിയാനയിലെ ഹോഡലിലെ ഒരു വിലാസത്തില്‍ 501 വോട്ടുകളും ഒരേ ഫോട്ടോകളുള്ള രണ്ട് ബൂത്തുകളില്‍ 223 വോട്ടര്‍മാരും ഉള്ള ഒരു വിലാസവും രാഹുല്‍ മാധ്യമങ്ങലെ കാണിച്ചു. ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അതിന് പാര്‍ട്ടി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രി നായിബ് സിങ് സൈനി പറയുന്ന വിഡിയോ ക്ലിപ്പും രാഹുല്‍ കാണിച്ചു.
The Election Commission has not given a clear response to Lok Sabha Opposition Leader Rahul Gandhi's revelations regarding election irregularities in Haryana.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."