മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള ബിജെപി നീക്കം; രൂക്ഷ വിമര്‍ശനവുമായി ശിവന്‍കുട്ടി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അയച്ച കത്ത് പുറാത്തയതിന് പിന്നാലെയാണ് വിമര്‍ശനം. മതം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ബിജെപി നീക്കം വിലപ്പോവിലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പരാജയ ഭീതിയില്‍ ബിജെപി എന്തും ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു. മതേതരത്വം കേരളത്തില്‍ ശക്തിയാര്‍ജിച്ചതോടെ ഇപ്പോള്‍ ക്രിസ്ത്യാനികളെ പിടിക്കാന്‍ ശ്രമിക്കുന്നു. അധികാരമോഹികളായ ചില ക്രിസ്ത്യാനികളെ അവര്‍ക്ക് ലഭിക്കുന്നു. അധികാര മോഹികളായ പഴയ ഗവര്‍ണര്‍മാരെ പോലുള്ള ചില മുസ്‌ലിങ്ങളെയും ബിജെപിക്ക് ലഭിക്കുന്നു. എന്നാല്‍ കേരളത്തില്‍ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ല,' വി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ തപ്പി ബിജെപി രംഗത്തെത്തിയത്. മതംനോക്കി സ്ഥാനാര്‍ഥി പട്ടികയില്‍ സംവരണം നല്‍കാനാണ് തീരുമാനം. സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് നീക്കം. സംസ്ഥാന ഉപാധ്യക്ഷനായ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇതിനായി സര്‍വേ നടത്തുകയും ഗ്രാമ പഞ്ചായത്തുകളില്‍ കൃത്യമായ അനുപാതത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളുകളെ സ്ഥാനാര്‍ഥികളാക്കണം എന്നും തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ല അധ്യക്ഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ മലയോര മേഖലയിലെ 9 പഞ്ചായത്തുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 47 വാര്‍ഡുകളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ഥികളാക്കണമെന്നാണ് നിര്‍ദേശം. മലപ്പുറത്ത് മുസ്‌ലിങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ബിജെപി തീരുമാനിച്ചതായി ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.
criticism of bjp’s plan to select local election candidates based on religion; minister v. sivankutty calls it unacceptable.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."