മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്
അബൂദബി: അബൂദബിയിൽ നിന്ന് പുണ്യനഗരമായ മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് (Etihad Airways). പുതിയ റൂട്ടിലൂടെ സഊദിയിലെ തങ്ങളുടെ ശൃംഖല വികസിപ്പിച്ച ഇത്തിഹാദ്, നിലവിൽ അഞ്ച് നഗരങ്ങളിലേക്കായി ആഴ്ചയിൽ 93 സർവീസുകളാണ് നടത്തുന്നത്.
റിയാദ്, ജിദ്ദ, ദമ്മാം, അൽ ഖാസിം എന്നിവയ്ക്ക് പുറമെ മദീനയിലേക്കും സർവീസ് ആരംഭിച്ചതോടെ, സഊദി അറേബ്യയിലെ ഇത്തിഹാദിന്റെ സേവനം കൂടുതൽ ശക്തിപ്പെടും. ഒരു വർഷത്തിനുള്ളിൽ 31 പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർത്ത ഇത്തിഹാദിന്റെ വിശാലമായ വളർച്ചാ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ റൂട്ടിന്റെ കൂട്ടിച്ചേർക്കൽ.
"അബൂദബിയിൽ നിന്ന് സഊദി അറേബ്യയിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് മദീനയുടെ തുടക്കം," ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അന്റോനോ ആൽഡോ നെവ്സ് പറഞ്ഞു. "സാംസ്കാരികമായും ആത്മീയമായും പ്രാധാന്യമുള്ള ഈ നഗരത്തിലേക്ക് അബൂദബി വഴി സൗകര്യപ്രദമായ യാത്ര ഒരുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്."
നിലവിൽ എയർബസ് A321 വിമാനം ഉപയോഗിച്ച് ആഴ്ചയിൽ അഞ്ച് സർവീസുകളാണ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ ഇത് ആറ് വിമാനങ്ങളായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്.
മദീനയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത്തിഹാദിന്റെ 'അബൂദബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം' പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിൽ രണ്ട് സൗജന്യ രാത്രികൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. അബൂദബിയെ ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കാനുള്ള എയർലൈനിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.
മിഡിൽ ഈസ്റ്റിലെ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഡൻ, നോം പെൻ, അഡിസ് അബാബ, ക്രാബി, ഹനോയ്, ഹോങ്കോംഗ്, ടുണീസ് തുടങ്ങിയ നിരവധി പുതിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇത്തിഹാദ് അടുത്ത കാലത്ത് സർവീസുകൾ ആരംഭിച്ചിരുന്നു.
etihad airways has started direct flight services to madinah, enhancing connectivity between the uae and saudi arabia for pilgrims and travelers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."