റോഡിലൂടെ ബൈക്കില്‍ മകനൊപ്പം പോകുന്നതിനിടെ കൂടിളകി 62കാരനെ തേനീച്ച കൂട്ടം ആക്രമിച്ചു; 890 ലേറെ കുത്തേറ്റ വയോദികന് ദാരുണാന്ത്യം
കൊല്‍ക്കത്ത: മകനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ 62 കാരനെ കടന്നാക്രമിച്ച് തേനീച്ച കൂട്ടം. മുഖത്തും തലയിലുമായി 890 ലേറെ തേനീച്ച കുത്തുകളേറ്റ വയോദികന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലാണ് സംഭവം. അധ്യാപകനായിരുന്ന നിര്‍മല്‍ ദത്ത എന്നയാളാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്. ദുര്‍ഗാപൂറിലെ ആര്‍ ഇ മോഡല്‍ സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകനായിരുന്നു നിര്‍മ്മല്‍ ദത്ത.
ദുര്‍ഗാപൂരിലെ സുകാന്തപ്പള്ളിയിലാണ് 62കാരന്റെ വീട്. ഇവിടെ നിന്ന് വീട്ടിലേക്ക് ഡോക്ടര്‍ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് വയോധികനെ തേനീച്ച ആക്രമിച്ചത്. മേജര്‍ പാര്‍ക്കിന് സമീപത്ത് വച്ച് 62കാരന്റെ കഴുത്തില്‍ എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവര്‍ ബൈക്ക് നിര്‍ത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാന്‍ നോക്കുന്നതിനിടെയാണ് 62കാരനെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്.
നിര്‍മ്മല്‍ ദത്ത ഹെല്‍മറ്റ് ഊരി കുത്തേറ്റതായ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകള്‍ 62കാരന്റെ മുഖത്ത് തുടരെതുടരെ കുത്തുകയായിരുന്നു. ഇതോടെ വയോധികന്‍ റോഡില്‍ കുഴഞ്ഞ് വീണു. പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാള്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.
ഏറെ വൈകിയാണ് സംഭവ സ്ഥലത്ത് പൊലിസ് എത്തിയത്. പൊലിസ് പരിക്കേറ്റവരെ പുതപ്പുകളില്‍ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും വയോധികന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാര്‍ക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടില്‍ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്‌സാക്ഷികള്‍ വിശദമാക്കുന്നത്.
തേനീച്ച, കടന്നല്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലുമാണ്. പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളില്‍ കാണാം. രണ്ടില്‍ കൂടുതല്‍ കുത്തുകളേല്‍ക്കുന്നതാണ് പ്രധാനമായും അപകടമാവുന്നത്. അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്.
ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് ബിപി (രക്തസമ്മര്‍ദ്ദം) താഴ്‌ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ ഒക്കെയാണ് മരണം സംഭവിക്കുക.
സാധാരണഗതിയില്‍ കുത്തേല്‍ക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചില്‍ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കുത്ത് ശരീരത്തിന്റെ അകം ഭാഗങ്ങളിലാണെങ്കില്‍, ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളില്‍, മൂക്കിന്റെ അകം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയുമാണ്. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കുക.
പ്രാണികളുടെ കുത്തേറ്റാല്‍ തലകറക്കം, ഛര്‍ദ്ദി, മുഖം ചീര്‍ക്കുക, ദേഹമാകെ ചൊറിച്ചില്‍ അനുഭവപ്പെടുക, ശ്വാസതടസം, ബിപി താഴ്ന്ന് തളര്‍ന്നുവീഴുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ വിഷബാധയെ സൂചിപ്പിക്കുന്നതാണ്. എത്രയും പെട്ടെന്ന് രോഗിക്ക് വൈദ്യസഹായമെത്തിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.
കുത്തേറ്റ് ദിവസങ്ങള്‍ക്കുള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാം. തലവേദന, ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കാണാം. ഇതും ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.
A 62-year-old former school principal, Nirmal Dutta, died after being attacked by a swarm of bees in Durgapur, West Bengal. He was travelling on a bike with his doctor son when he felt a sharp sting near Major Park and stopped to check. As he removed his helmet, a large swarm of bees — disturbed after a bird struck their hive on a nearby tree — surrounded him and repeatedly stung his face and head, reportedly more than 890 times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."