റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ - ബിദ്അത്തിനെതിരേ ജ്വലിച്ച ജ്ഞാനഗോളം
കാൽ നൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ ആധ്യക്ഷം അലങ്കരിച്ച മഹാമനീഷിയാണ് റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ. 1967 മുതൽ 1993 വരെയുള്ള കാലഘട്ടങ്ങളിലാണ് അദ്ദേഹം സമസ്തയെ നയിച്ചത്.
വൈജ്ഞാനിക-സാമൂഹിക-സാംസ്കാരിക മേഖലയിലൊക്കെയും ഇസ്ലാമിക ആശയങ്ങൾക്കനുസൃതമായ രീതിയിൽ ജീവിതം നയിച്ച കേരളീയ മുസ്ലിങ്ങൾക്ക് മാതൃകയാക്കാൻ എല്ലാ നിലക്കും യോഗ്യതയുള്ള മഹാനാണ് ശൈഖുനാ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരെന്ന നിസ്വാർത്ഥ പണ്ഡിതൻ. ജീവിതത്തിൽ വന്ന് ഭവിക്കുന്ന നിസാര സ്ഖലിതങ്ങൾ പോലും ഗൗരവ പൂർവ്വം കാണുകയും ആരുടെ മുമ്പിലും തെറ്റുകളെ കണ്ണടക്കാതെ തുറന്ന് പറയുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ് ഉസ്താദ് അവർകൾ. മാത്രമല്ല, പാവപ്പെട്ട ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് ആശ്വാസമേകുന്ന വാക്കുകളിലൂടെ അനാഥ മനസ്സുകളെ സമാധാനത്തിന്റെ വഴിയിലേക്ക് മാറ്റാൻ ഉൗണിലും ഉറക്കിലും ഇരു കൈകളും നീട്ടി ഇരിക്കുമായിരുന്നു ശൈഖവർകൾ.
എഡി 1900 ജനുവരി 17 ന് മഞ്ചേരിക്കടുത്ത തോട്ടക്കാട് പ്രദേശത്ത് കണ്ണിയത്ത് അവറാൻ കുട്ടി- ഖദീജ ദമ്പതികളുടെ പുത്രനായി ജന്മം കൊണ്ടു.
അറിവ് പകരുകയും നുകരുകയും ചെയ്ത ഇടങ്ങൾ
1910-ൽ ചെമ്പ്രക്കാരൻ മമ്മദ് മുസ്ല്യാരുടെ ജ്യേഷ്ട സഹോദരൻ പണിക്കരപ്പുറായിലെ ഒാത്തുപള്ളിയിലേക്ക് അബ്ദുറഹ്മാൻ മുസ്ലിയാർ കണ്ണിയത്തിനെ കൊണ്ട്പോയി. ഇവിടെ നിന്ന് ഖതർ നദ ഒാതി പ്രാഥമിക പഠനത്തിന്ന് തുടക്കം കുറിച്ചു. തുടർന്ന് ഒരു നായർ മുഖേന മലയാളം, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കാൻ കണ്ണിയത്തവർകൾക്ക് കഴിഞ്ഞു. പിന്നീട് 1914-ൽ കേരളത്തിലെ മത വിദ്യാഭ്യാസ പരിഷ്കരണ ശിൽപി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മുദരിസായ സമയത്താണ് വാഴക്കാട് ദാറുൽ ഉലൂമിലേക്ക് ദർസീ പഠനത്തിന് വേണ്ടി എത്തപ്പെട്ടത്. അന്ന് സഹപാഠികളായി അവിടെ ഉണ്ടായിരുന്നത് സയ്യിദ് ത്വാഹാ ആലുവായി, ഖുതുബി മുഹമ്മദ് മുസ്ലിയാർ, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാർ, കെ.എം മൗലവി തുടങ്ങിയവരാണ്. 1918-ൽ ചാലിലകത്ത് പിരിഞ്ഞതിന് ശേഷം സ്ഥാനമേറ്റ പണ്ഡിത കുലപതികളിൽ ശ്രേഷ്ടനും പ്രശസ്തനീയനുമായ വേലൂർ അബ്ദുൽ അസീസ് മുസ്ല്യാരിലൂടെ ഹദീസ് ഗ്രന്ഥങ്ങളിൽ വ്യുൽപത്തി നേടുകയും റിപ്പോർട്ട് ചെയ്യാനുള്ള ഇജാസത്ത് കരഗതമാക്കുകയും ചെയ്തു.
1922-ൽ ദാറുൽ ഉലൂമിൽ വിദ്യ നുകർന്ന് കൊടുക്കാൻ നിയമിതമാകുന്നത് ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ല്യാരാണ്. അതിബുദ്ധിമാനും ധിശണാശാലിയും വ്യക്തിത്വ ശുദ്ധി പാകപ്പെടുത്തുകയും ചെയ്ത റഈസുൽ മുഹഖിഖീന്റെ കഴിവുകളിൽ വല്ലാത്ത മതിപ്പായിരുന്നു ചെറുശ്ശേരി ഉസ്താദിന്. ഇവരുടെ അടുക്കൽ വെച്ചാണ് കൂടുതൽ കിതാബുകൾ പഠിക്കുകയും, അറബി ഭാഷ, ശാസ്ത്രം, ഗോള ശാസ്ത്രം, ഗണിത ശാസ്ത്രം, തർക്ക ശാസ്ത്രം, തത്വ ശാസ്ത്രം... തുടങ്ങിയ അനർഘമായ വിജ്ഞാനത്തിന്റെ മേഖലകൾ സ്വായത്തമാക്കുകയും ചെയ്തത്.
1926-ൽ വന്ദ്യ ഉസ്താദ് ദാറുൽ ഉലൂമിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ഖുതുബി മുസ്ല്യാരവിടെ മുദരിസായി. ശിഷ്യനായിരുന്ന കണ്ണിയത്തിന്റെ പാണ്ഡിത്യത്തിൽ അത്ഭുതം തോന്നി ഖുതുബി മുസ്ലിയാർ അദ്ദേഹത്തിന് രണ്ടു ജോഡി ഡ്രസ്സ് വാങ്ങിക്കൊടുത്ത് തന്റെ രണ്ടാം മുദരിസായി നിയമിച്ചു. അധ്യാപനത്തിന്റെ പ്രഥമ ഘട്ടമായിരുന്നു ഇത്. ദാറുൽ ഉലൂമിൽ ദീർഘകാലം ഖുതുബി മുസ്ലിയാർ, ആയഞ്ചേരി അബ്ദു റഹ്മാൻ മുസ്ലിയാർ, പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്ലിയാർ എന്നിവരുടെയെല്ലാം രണ്ടാം മുദരിസായി ചിലവഴിച്ചതിന് പുറമെ അറിവിന്റെ നന്മയെ ചൊരിഞ്ഞ് കൊടുക്കാൻ നിരവധി കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടുകയുണ്ടായി. തലശ്ശേരി ഓടത്തിൽ പള്ളി, മാട്ടൂൽ മുഹ്യുദ്ദീൻ പള്ളി, പറമ്പത്ത്, മൊറയൂർ, രണ്ടാം മക്കയെന്നറിയപ്പെടുന്ന പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്, താത്തൂർ ശുഹദാക്കളുടെ ചാരത്ത് സ്ഥിതിചെയ്യുന്ന പള്ളി തുടങ്ങിയ ഒട്ടനവധി ഇടങ്ങളിൽ വെച്ച് എണ്ണിയാലൊതുങ്ങാത്ത പണ്ഡിതരെ സമൂഹത്തിന് സമർപ്പിക്കാൻ കണ്ണിയത്തിന് കഴിഞ്ഞു. 1970-71 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉസ്താദായി ചാർജേറ്റെടുത്തു. ശൈഖുനാ ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല ഉസ്താദ് എന്നിവർ ഒരുമിച്ച് ജാമിഅയുടെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.
1945-ലെ കാര്യവട്ടത്തെ സമ്മേളന പൊതുവേദിയിൽ വെച്ച് നടത്തിയ അദ്ധ്യക്ഷ പ്രസംഗം, വിഷയാവതരണ ശൈലിയും, വാക്കുകളുടെ കോർവയിലുമെല്ലാം ഒത്തുകൂടിയ പണ്ഡിത ഉലമാക്കളെയെല്ലാം ഒന്നടങ്കം അമ്പരിപ്പിച്ചു കളഞ്ഞു.
1967- മെയ്-6 ന് കോഴിക്കോട് മുതാക്കര പള്ളിയിൽ ബേപ്പൂർ പി.വി മുഹമ്മദ് കോയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമസ്ത ജനറൽബോഡി യോഗത്തിൽ ലൗഡ്സ്പീക്കർ പ്രശ്നത്തിൽ സമസ്ത പ്രസിഡണ്ടായ സ്വദഖത്തുല്ല മുസ്ല്യാരുടെ രാജിക്ക് ശേഷം 1967-മെയ്-25 ന് കണ്ണിയത്ത് ഉസ്താദിനെ സമസ്തയുടെ പ്രസിഡണ്ടായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. പിന്നീട് കാൽനൂറ്റാണ്ടു കാലം ദേഹ വിയോഗം വരെ സമസ്തയുടെ അമരത്ത് ഇരുന്ന് നേതൃത്വം നൽകാൻ മഹാന് സാധിച്ചു. 1926 ൽ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന പണ്ഡിത സമ്മേളനം മുതൽ 1993 ൽ വഫാത്താകുന്നത് വരെ നീണ്ട 67 വർഷക്കാലം സമസ്തയുടെ മുശാവറ അംഗമായും 1967 മുതൽ കാൽനൂറ്റാണ്ടിലേറെ സമസ്തയുടെ പ്രസിഡണ്ടായും നേതൃത്വം നൽകാൻ ഭാഗ്യംലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയാകുന്നു കണ്ണിയ്യത്തുസ്താദ്. 1967-1993 വരെയുള്ള കാലയളവായിരുന്നു മഹാൻ നേതൃത്വത്തിലിരുന്നത്.
ജീവിത സൂക്ഷ്മതയും പ്രാർത്ഥനയും
തന്റെ ജീവിത വഴികളിൽ മുഴുവൻ സൂക്ഷ്മതയും വറഉം നിറഞ്ഞ്നിൽക്കണമെന്ന നിർബന്ധം വെച്ച് പുലർത്തിയവരായിരുന്നു കണ്ണിയത്ത് ഉസ്താദ്. ശൈശവം മുതലേ അത്താണിയില്ലാതെ പിച്ചവെച്ച് തുടങ്ങിയ ശൈഖവർകൾക്ക് അനാഥ കുട്ടികളോട് അതിരറ്റ സ്നേഹവും വാത്സല്യവുമായിരുന്നു.
പഠന കാലത്ത് ചിലവ് വീട്ടിലെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് രാത്രിയിലെ ഭക്ഷണം മുടക്കുകയുണ്ടായി. കാരണം വീട്ടിലെ കുട്ടികൾ യതീമായതിനാൽ അവിടുത്തെ അന്നത്തിന് അർഹത യതീമീങ്ങൾക്കാണ്. അതിനാലാണ് മഹാൻ ഭക്ഷണം മുടക്കിയത്. വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബന്ധു ഉസ്താദിനോട് ‘നിങ്ങൾക്ക് അനാഥ കുട്ടികളുടെ ഒരു തുള്ളിയും ചേരാത്തതാണ് തരിക’ എന്ന് പറഞ്ഞു. അതിന് ശേഷമാണ് ആ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോവാൻ വീണ്ടും തയ്യാറായത്. അത് പോല സൂക്ഷ്മത നിറഞ്ഞ് നിന്ന നിരവധി സംഭവങ്ങളുണ്ട്. ഒരിക്കൽ വാഴക്കാട് നിന്ന് മഞ്ചേരിയിലേക്ക് സുന്നി സമ്മേളനത്തിന് പോവുകയായിരുന്നു. യാത്രാ മദ്ധ്യേയാണ് ‘ഡൈ്രവർ മുസ്ലിമാണെന്ന് വ്യക്തമായത്. അസ്വർ നിസ്കരിച്ചോ എന്ന് മഹാൻ ഡൈ്രവറോട് ചോദിച്ചു. ഡൈ്രവർ ഒന്നും മിണ്ടിയില്ല. ഉസ്താദ് ചോദ്യം ആവർത്തിച്ചു. അപ്പോൾ സഹയാത്രികൻ പറഞ്ഞു ‘നിങ്ങളെ കൊണ്ട് വരാനുള്ള തിരക്കിലായതിനാൽ നിസ്കാര കാര്യം മറന്ന് പോയി. ഉടൻ വണ്ടി നിർത്താൻ കൽപിച്ചു. എന്നിട്ട് പറഞ്ഞു. ‘അവൻ മരണപ്പെട്ടാൽ ഞാൻ നാഥനോട് മറുപടി പറയേണ്ടിവരും അത് കൊണ്ട് എവിടെയാണോ അവിടെപ്പോയി നിസ്കരിച്ച് വരിക. സൂക്ഷ്മതയുടെ പ്രതീകമായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ ഡൈ്രവർ നിസ്കരിച്ചതിന് ശേഷമാണ് സമ്മേളന നഗരിയിലേക്ക് യാത്ര തിരിച്ചത്.
മഹാനായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ യാ വദൂദ്.. യാ വദൂദ്.. എന്ന വിളിയാളത്തിന് ഇരു കരങ്ങളും നാഥനിലേക്കുയർത്തി ആമീൻ ചൊല്ലാൻ ജനലക്ഷങ്ങളാണ് എത്തിച്ചേർന്നിരുന്നത്. നിഷ്കളങ്ക പൈതലിന്റെ അഴുക്ക് ചേരാത്ത ഹൃദയത്തിന്നുടമ ഉസ്താദവർകൾ തടിച്ച് കൂടിയ ജന സാഗരങ്ങളുടെ കണ്ണുനീരിന്നും പ്രയാസങ്ങൾക്കും ബുദ്ധിമുട്ടിനും അറുതിവരുത്തുന്ന അനുഭവങ്ങളാണ് മഹാനവർകളുടെ ചരിത്രം വിളിച്ചോതുന്നത്.
1961-ൽ ചാലിയാർ പുഴ കവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായ സന്ദർഭത്തിൽ നാട്ടുകാർ നാടുംവീടും വിട്ട് അന്യ നാട്ടിലേക്ക് പലായനം ചെയ്ത അവസരത്തിൽ അവരുടെ സങ്കടം മനസ്സിലാക്കി ശിഷ്യന്മാരെയും കൂട്ടി തോണിയിൽ പോയി പ്രാർത്ഥന നടത്തിയത് മൂലം ഭീഷണിയുയർത്തിയ ജലം താഴുകയുണ്ടായി. അത് പോലെ മറ്റൊരു സംഭവമാണ്, മാട്ടൂലിൽ ദർസ് നടത്തിയിരുന്ന സമയത്തുണ്ടായത്. നാട്ടിൽ ശക്തമായി ജനങ്ങൾ വെള്ളത്തിന് ബുദ്ധിമുട്ടിയപ്പോൾ ഖിബ്ലക്ക് തിരിഞ്ഞ് അവരുടെ ആവലാതിയെ പടച്ച തമ്പുരാനോട് പച്ചയായി പറഞ്ഞു. ഉടൻ മഴവർഷിച്ചു. ഇങ്ങനെ കയ്യുയർത്തുമ്പോഴേക്ക് ഉത്തരം കിട്ടിയ എഴുതിയാൽ തീരാത്ത സംഭവങ്ങളുണ്ട്. ഇങ്ങനെ കൈപ്പു നീരുകളെ മധുരതേൻ പുരട്ടും വിധം സഫലമാക്കിയ അത്ഭുതം ജ്വലിക്കുന്ന പണ്ഡിതനും സൂഫീ വര്യനുമാണ് കണ്ണിയത്ത് ഉസ്താദെന്ന മഹാ മനീഷി.
ബിദ്അത്തുകൾക്കെതിരേ
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങളെ കാറ്റിൽ പറത്തും വിധം ഭിന്നതയുടെ കെട്ടഴിച്ച് വിട്ട പുത്തൻ വാദികളുടെ ചിറകൊടിച്ച് ആശയ സംവാദവേദികളിൽ കത്തി ജ്വലിച്ച് നിന്ന ജ്ഞാന ഗോളമാണ് കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ. ചെറു പൊന്നാനിയെന്ന് പേര് കേട്ട നാദാപുരത്തിന്റെ ഹൃദയ ഭാഗത്ത് വെച്ചായിരുന്നു ബിദഇകൾക്കെതിരെ പ്രഥമ സംവാദം നടത്തിയത്. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, തറക്കണ്ടി അബ്ദു റഹ്മാൻ മുസ്ലിയാർ, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാർ തുടങ്ങിയ പ്രമുഖരടങ്ങിയ സുന്നി പക്ഷവും, മുജാഹിദ് പക്ഷത്ത് കെ.എം മൗലവി, മൂസ മൗലവി തുടങ്ങിയവരുമായിരുന്നു. വാദപ്രതിവാദത്തിൽ സുന്നി പക്ഷം ചോദ്യത്തിന് തുടക്കം കുറിച്ചത് ഇങ്ങനെയായിരുന്നു. ഒൗലിയാക്കൾക്ക് മരണാനന്തരം കറാമത്തുണ്ടോ, മരണത്തോടെ അത് മുറിഞ്ഞുപോവുമോ, മുജാഹിദ് മറുപടി ‘മരണാനന്തരം മുറിഞ്ഞ് പോകാനാണ് സാധ്യത’ എന്ന് പറഞ്ഞ മുജാഹിദ് പക്ഷക്കാരോട് തെളിവ് നിരത്താൻ ആവശ്യപ്പെട്ടവസരം ഇങ്ങനെ പറഞ്ഞു ‘വഖീല കറാമത്തുൽ ഔലിയാഇ തൻകത്വിഉ ബഅ്ദ മൗതിഹിം’ (ഔലിയാക്കലുടെ കറാമതത് അവരുടെ മരണ ശേഷം മുറിയുമെന്ന് പറയപ്പെട്ടിരുന്നു) തൻകത്വിഉ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മുജാഹിദിനെ ഞെട്ടിക്കും വിധം കണ്ണിയത്ത് തുറന്നടിച്ചു. തൻകത്വിഉ എന്നിടത്ത് ‘ലാ’ കട്ടതോ, വിട്ടതോ എന്ന് പറഞ്ഞ് ആ ഇബാറത്ത് കൃത്യമായി വായിച്ചു. യഥാർത്ഥത്തിൽ ‘ലാ തൻകത്വിഉ’ എന്നായിരുന്നു കിതാബിലുണ്ടായിരുന്നത്. കണ്ണിയത്തെന്ന അറിവിന്റെ വലിയ സാന്നിധ്യത്തിന്റെ അപാരമായ കഴിവ് ബിദഇകൾക്കും സുന്നി സമൂഹത്തിനും ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ഇങ്ങനെ ബിദഇകളെ മലർത്തിയടിച്ച എത്രയെത്ര സംഭവങ്ങൾക്കാണ് ആ ജീവിതം സാക്ഷിയായത്.
1993 സെപ്തംബർ 19 (1414 റബീഉൽ ആഖിർ 2) ന് മരണപ്പെട്ട ഉസ്താദിന്റെ ജനാസ ഒരു നോക്ക് കാണാൻ ലക്ഷങ്ങളായിരുന്നു പങ്കെടുത്തത്. വാഴക്കാടാണ് മഹാന്റെ മഖ്ബറ നിലകൊള്ളുന്നത്.
Ra’eesul Muhaqqiqeen Kanniyath Ahmed Musliyar (1900–1993), the legendary President of Samastha for over a quarter century (1967–1993), was an unparalleled scholar, a towering defender of Ahlussunnah, and an embodiment of piety and compassion—whose supplications moved hearts and whose knowledge shattered every trace of bid’ah.
Archive Note : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."