സയ്യിദ് അബ്ദു റഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ഹൈദറുസ് അൽ അസ്ഹരി- വിജ്ഞാനത്തിന്റെ ആഴം തൊട്ട മഹാ പണ്ഡിതൻ
പിറവി കൊണ്ട കേരള ദേശത്തേക്കാൾ അറേബ്യൻ ലോകത്ത് പ്രസിദ്ധി ലഭിച്ച മഹാ പ്രതിഭയാണ് സമസ്ത മുശാവറ അംഗമായ അസ്ഹരി തങ്ങൾ പൂർണ്ണ നാമം സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ തങ്ങൾ അൽ അസ്ഹരി. 1930-ൽ കുന്ദംകുളത്തിനടുത്ത് മരത്തംകോട് പ്രദേശത്ത് ജനിച്ച തങ്ങളുടെ ഖബീല ഹൈദറൂസ് ഖബീലയാണ്. പന്നിത്തടം ജുമാ മസ്ജിദ് പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് കൊച്ചു കോയ തങ്ങളാണ് പിതാവ്. കേരള തങ്ങൾമാരിൽ ആദ്യം ബാഖവി ബിരുദമെടുത്തത് (1921) കൊച്ചു കോയ തങ്ങളാണ്.
ദർസ് പഠന ശേഷം വെല്ലൂരിൽ നിന്നും ബാഖവി ബിരുദം നേടിയ അസ്ഹരി തങ്ങൾ തലക്കടത്തൂരിൽ ആദ്യമായി ദർസ് നടത്തി. പിന്നീട് മഹാൻ വിജ്ഞാന സമ്പാദന രംഗത്ത് ഉയർച്ചകൾ ആഗ്രഹിച്ചു ദയൂബന്ത് ദാറുൽ ഉലൂമിൽ നിന്നും ഖാസിമി ബിരുദം നേടി.
ജ്ഞാന മധുവിൽ ആർത്തി പൂണ്ട തങ്ങൾ ഖാസിമിയിലും അവസാനിപ്പിച്ചില്ല. ഈജിപ്തിലെ അൽ അസ്ഹർ യുണിവേഴ്സിറ്റിയിൽ നിന്നും, കൈറോ യൂണിവേഴ്സിറ്റിയിൽ നിന്നും അറബ് ലീഗിന്റെ കീഴിൽ നടത്തപ്പെടുന്ന ഉന്നത കലാലയങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷമാണ് അസ്ഹരി തങ്ങൾ എന്ന പേരിൽ പ്രസിദ്ധനായത്.
പി. എച്ച്. ഡിക്ക് തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ പ്രതിഭാധനത്വം തിരിച്ചറിഞ്ഞ് ലിബിയയിലെ സനൂസി യൂണിവേഴ്സിറ്റിയിൽ പ്രഫസറായി നിയമിതനാക്കപ്പെട്ടത്. മൂന്ന് കൊല്ലം അവിടെ അധ്യാപനം നടത്തി.
പിന്നീട് സഊദിഅറേബ്യയിലെ റിയാദ് യൂണിവേഴ്സിറ്റിയിൽ 23 വർഷത്തെ നീണ്ട കാലം അധ്യപക രംഗത്ത് ശോഭന സേവനങ്ങളർപ്പിച്ചു. 5 വർഷം നജ്ദ് ഭാഗത്തും ബാക്കി വർഷം വിശുദ്ധ മക്കയിലെ ഖുലൈസാക്ക് എന്ന സ്ഥലത്തും തങ്ങൾ സേവനം ചെയ്തു.

അദ്ധ്യാപന രംഗത്തെ പോലെ തന്നെ സാഹിത്യ ലോകത്തും അസ്ഹരി തങ്ങളുടെ കൈയൊപ്പ് അവാച്യമാണ്. നിരവധി ചരിത്ര ഗ്രന്ഥങ്ങൾ മഹാൻ സംഭാവന ചെയ്തിട്ടുണ്ട്. അറേബ്യയുടെയും അറബികളുടെയും ശോഭനമായ ചരിത്രം അനാവരരണം ചെയ്യുന്ന താരീഖുൽ അറബി വൽ അറബിയ്യ എന്ന ഗ്രന്ഥം ആഗോള പസിദ്ധമാണ്.
മിൻ നബാബിഇ ഉമാഇൗ മലബാർ ആണ് മറ്റൊരു പ്രധാന ഗ്രന്ഥം. കേരളത്തിലെ പൗരാണിക വിജ്ഞാന കേന്ദ്രങ്ങളെയും മസ്ജിദുകളെയും പഠന രീതികളെയും ആലിമീങ്ങളെയും സാരമായി പ്രതിപാദിക്കുന്ന മൂല്യഗ്രന്ഥം ചരിത്ര ലോകത്തിന് വലിയ സംഭാവനയാണ്. സ്വാതന്ത്ര്യ സമരചരിത്രത്തിൽ മായ്ക്കപ്പെടാത്ത നാമങ്ങളായ വാരയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്ലിയാർ, മൊയ്തു മൗലവി, ഗന്ധിജി തുടങ്ങിയ ധീര ജീവിതങ്ങളുടെ ലഘു ചിത്രവും കൂടി പറഞ്ഞ് തരുന്ന ഇൗ കൃതിയുടെ സാഹിത്യ ചാരുത അറേബ്യൻ സാഹിത്യകാരൻമാർക്കിടയിപ്പോലും ചർച്ചാ വിഷയമായിട്ടുണ്ട്. യു. എ. ഇയിലെ ഒൗഖാഫ് മിനിസ്റ്ററി വഴിയാണ് ഇൗ ഗ്രന്ഥം അച്ചടിച്ച് വിതരണം ചെയ്യുന്നത്.
ഒരു മലയാളിയുടെ അറബി രചനയോടുള്ള അറബി ലോകത്തിന്റെ സുന്ദരമായ പ്രതികരണം തന്നെ ആ വ്യക്തിയുടെ ഭാഷാമികവും അറിവിന്റെ ആഴവും ബോധ്യപ്പെടുത്തുന്നുണ്ട്. 2003 ൽ പ്രകാശിതമായ മമ്പുറം തങ്ങളുടെ ചരിത്ര ഗ്രന്ഥവും അസ്ഹരി തങ്ങൾ അറബിയിലാണ് രചിച്ചത്. വിദേശത്തും സ്വദേശത്തുമായി അസ്ഹരി തങ്ങളിലൂടെ ജന്മം കൊണ്ട കനപ്പെട്ട ആലിമുകൾ നിരവധിയാണ്. ദകഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടായിരുന്ന വടുതല പി. എം. മൂസ മൗലവി തങ്ങളുടെ പ്രധാന ശിശ്യരിൽപ്പെട്ട മഹാനാണ്.
മഹാനായ സയ്യിദ് മഹ്ളർ തങ്ങൾ, സയ്യിദ് മുത്തുക്കോയ തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സയ്യിദ് കുഞ്ഞാറ്റ ബീവിയാണ് ഏക സഹോദരി. രണ്ടാമത്തെ പുത്രനാണ് കഥാ പുരുഷൻ അസ്ഹരി തങ്ങൾ.
വിജ്ഞാനത്തിന്റെ ആഴം തൊട്ട മഹാ പണ്ഡിതൻ, ചിന്തകൻ, ബഹുഭാഷാ വിചക്ഷകൻ, ചിന്തകൻ, രചയിതാവ് തുടങ്ങി വിജ്ഞാന രംഗത്തെ ബഹുമുഖ പ്രതിഭയാണ് മഹാൻ. നബി(സ) തങ്ങളുടെ 38-ാമത്തെ പേരമകനാണ് അസ്ഹരി തങ്ങൾ.
(സമസ്ത 85-ാം വാർഷിക സ്മരണിക)
Sayyid Abdurahman Imbichikoya Thangal Al-Azhari (1930), a globally acclaimed scholar from Kerala, earned degrees from Darul Uloom Deoband, Al-Azhar University, Cairo University, and served as professor in Libya and Saudi Arabia. His Arabic works and academic legacy made him one of the most respected Indian scholars in the Arab world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."