എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നടക്കുന്ന വോട്ടർപട്ടിക തീവ്രപരിഷ്‌കരണനടപടികളിൽ (എസ്.ഐ.ആർ) പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടപെടുമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിടാൻ തങ്ങൾക്ക് സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
എസ്.ഐ.ആർ നടപടി ചോദ്യംചെയ്ത് പശ്ചിമബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പശ്ചിമബംഗാളിന്റെ കേസ് ഇന്നലെ കോടതി ഡിസംബർ ഒൻപതിലേക്ക് മാറ്റിയിരുന്നു. അന്നേദിവസം തന്നെയാണ് പശ്ചിമബംഗാളിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതെന്നും അതിനു മുമ്പായി തീരുമാനം വേണമെന്നും ബംഗാൾ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. തമിഴ്നാടിന്റെ കേസ് ഡിസംബർ നാലിലേക്കു നീട്ടി.
കേരളത്തിലെ എസ്.ഐ.ആറിൽ കമ്മിഷന്റെ അഭിപ്രായം തേടി അടിയന്തര സ്റ്റേ ആവശ്യം അംഗീകരിച്ചില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന കാരണത്താൽ കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നീട്ടിവയ്ക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിംകോടതിയിൽ. കേരളത്തിൽ എസ്.ഐ.ആറും തദ്ദേശതെരഞ്ഞെടുപ്പും ഒരുമിച്ചു നടക്കുന്നത് പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാന -കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുകൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരുമിച്ച് നടക്കുന്നതിനാൽ കേരളത്തിൽ ഭരണസ്തംഭനമുണ്ടാകുന്ന സ്ഥിതിയാണെന്നും എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയും കേരളത്തിൽനിന്നുള്ള രാഷ്ട്രീയപാർട്ടികളുടെ ഹരജികളും പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ബി.എൽ.ഒമാരുടെ സമ്മർദം കണക്കിലെടുത്ത് അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേരളത്തിലെ സാഹചര്യങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട ബെഞ്ച് കേസ് ഡിസംബർ രണ്ടിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."