സീബ്രാ ലൈനിൽ പേടിപ്പിച്ചാൽ ലൈസൻസ് പോകും: കാൽനടക്കാർക്ക് പ്രഥമാവകാശം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരെ ഭയപ്പെടുത്തുന്ന ഡ്രൈവർമാർക്കെതിരെയും നിയമം ലംഘിച്ച് അതിവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങൾ:
സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രഥമ പരിഗണന നൽകുന്ന ഒരു ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ അധികൃതർ നടപടി സ്വീകരിക്കണം.ഡ്രൈവിങ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ,സീബ്രാക്രോസിങ്ങുകളിലെ നിയമം പാലിക്കുന്നുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണം.സീബ്രാ ക്രോസിങ്ങുകളിൽ പ്രഥമാവകാശം കാൽനടക്കാർക്കാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം.ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ നിർദേശങ്ങൾ നൽകിയത്.
ഡ്രൈവർമാർക്കെതിരെ കർശന നടപടിക്ക് നിർദേശം
ഈ വർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാ ലൈൻ മറികടന്നതുമായി ബന്ധപ്പെട്ട് 218 പേർ വാഹനമിടിച്ച് മരിച്ചു എന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.ഹൈക്കോടതി നിർദേശത്തെത്തുടർന്ന്, സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോൺ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോടതി വിവരങ്ങൾ തേടുന്നതിനായി ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ ഐ.ജി., ഗതാഗത കമ്മിഷണർ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനായി ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."