സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ
സെന്‍യാർ: ഇന്തോനേഷ്യയില്‍ മരണം 442, തായ്‌ലന്റില്‍ 170
ജക്കാര്‍ത്ത: കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയിലെ സുമാത്ര വഴി കടന്നുപോയ സെന്‍യാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 442ആയി. ഇന്നലെ വരെ മരണസംഖ്യ 313 ആയിരുന്നു. സമീപകാലത്ത് ഇന്തോനേഷ്യയില്‍ കനത്ത ആള്‍നാശം വിതച്ച ദുരന്തമാണ് സെന്‍യാര്‍ ചുഴലിക്കാറ്റ്. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായതാണ് കനത്ത നാശനഷ്ടത്തിന് ഇടയാക്കിയത്.
സെന്‍യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനു പിന്നാലെ ആദ്യം കരതൊട്ടത് ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന പ്രധാന റോഡുകള്‍ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല. വൈദ്യുതി വിതരണവും മിക്കയിടത്തും പുനസ്ഥാപിച്ചിട്ടില്ല.
തായ്‌ലന്റിലും മരണ സംഖ്യ വര്‍ധിച്ചിട്ടുണ്ട്. 170 പേര്‍ മരിച്ചെന്നാണ് ഇന്നലെയുള്ള കണക്ക്. നേരത്തെ 145 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. സെന്‍യാര്‍ ചുഴലിക്കാറ്റില്‍ മലേഷ്യയിലും രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
തായ്‌ലന്റിലെ സൊന്‍ഖഹ്ല പ്രവിശ്യയില്‍ ജലനിരപ്പ് 3 മീറ്ററാണ് കൂടിയത്. ഇവിടെ 145 പേര്‍ മരിച്ചു. സമീപകാല പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രളയത്തെയാണ് തായ്‌ലന്റ് അഭിമുഖീകരിക്കുന്നത്. 10 പ്രവിശ്യകളിലായി 38 ലക്ഷം പേരെ പ്രളയം ബാധിച്ചു. ഹാറ്റ് യായ് പ്രവിശ്യയില്‍ ഒരു ദിവസം 33.5 സെ.മി മഴയാണ് പെയ്തത്. 300 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ പ്രദേശത്ത് പെയ്ത റെക്കോര്‍ഡ് മഴയാണിത്.
ഡിറ്റ്‍ വ: ശ്രീലങ്കയില്‍ മരണം 193 ആയി, സഹായം തേടി രാജ്യം
കൊളംബൊ: ശ്രീലങ്ക വഴി കഴിഞ്ഞ ദിവസം കടന്നുപോയി ഇപ്പോള്‍ തമിഴ്‌നാട് തീരത്തുള്ള ഡിറ്റ്‍ വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണ സംഖ്യ 193 ആയി. പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്നാണ് വലിയ ആള്‍നാശമുണ്ടായത്. 200 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. 20,000 പേരുടെ വീടുകള്‍ തകര്‍ന്നു. 1.8 ലക്ഷം പേരെ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ശുദ്ധജല വിതരണവും മുടങ്ങി. പ്രസിഡന്റ് അനുര കുമാര ദിസാനായകെ രാജ്യത്ത് ഡിസംബര്‍ നാലു വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ക്ക് 16 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊളംബൊയില്‍ കെലാനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.
വടക്കു മധ്യ ജില്ലയായ കരുനേഗലയില്‍ വയോജന കേന്ദ്രത്തില്‍ കുടുങ്ങിയ 11 പേരെയും അനുരാധപുരയില്‍ ബസില്‍ കുടുങ്ങിയ 69 പേരെയും രക്ഷപ്പെടുത്തി. തൊട്ടടുത്ത കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് കയറാന്‍ ഇവരെ നാവിക സേന സഹായിക്കുകയായിരുന്നു. ശ്രീലങ്കൻ സര്‍ക്കാര്‍ അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതലാണ് ശ്രീലങ്കയില്‍ ഡിറ്റ്‍ വ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വരുത്തിയത്. 2003 ജൂണിന് ശേഷം ശ്രീലങ്കയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായ 2003ലെ ദുരന്തത്തില്‍ 254 പേർ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."