കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ. വൈകിട്ട് അഞ്ചിന് മയ്യിത്ത് നിസ്കാരത്തിന് ശേഷം അത്തോളി കുനിയിൽക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിക്കും. 10 വരെ ഇവിടെ പൊതുദർശനമുണ്ടാകും. 11 മുതൽ കൊയിലാണ്ടി ടൗൺഹാളിലും പിന്നീട് തലക്കുളത്തൂരിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും.
അർബുദം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കാനത്തിൽ ജമീലയുടെ അന്ത്യം.1966 മേയ് 5ന് കോഴിക്കോട് കുറ്റ്യാടിയിൽ ടി.കെ. അലിയുടെയും ടി.കെ. മറിയത്തിന്റെയും മകളായി ജനിച്ച കാനത്തിൽ ജമീല, പൊതുപ്രവർത്തന രംഗത്ത് സജീവമായത് പാർട്ടിയിലൂടെയാണ്. സാധാരണ വീട്ടമ്മയിൽ നിന്ന് നിയമസഭ വരെ എത്തിയ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു കാനത്തിൽ ജമീല. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ടുതവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ത്രിതല പഞ്ചായത്തിലെല്ലാം അവർ വ്യക്തിമുദ്ര പതിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്നേഹസ്പർശം, ജീവജ്യോതി പദ്ധതികൾ നടപ്പാക്കി.
രോഗബാധയെ തുടർന്ന് സമീപകാലത്ത് പൊതുരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും, ആരോഗ്യനില മെച്ചപ്പെട്ടപ്പോഴെല്ലാം അവർ ജനങ്ങൾക്കിടയിൽ സജീവമായി ഇടപെട്ടിരുന്നു. പൊതുപ്രവർത്തന മേഖലയിൽ കാനത്തിൽ ജമീലയുടെ വിയോഗം വലിയ നഷ്ടമായി. പൊതുരംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ കോഴിക്കോടിന്റെ വികസനത്തിന് കാനത്തിൽ ജമീല നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നു. മരണവിവരമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എം.പി, മുൻ മന്ത്രി പി.കെ ശ്രീമതി തുടങ്ങിയവർ ആശുപത്രിയിലും വസതിയിലുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."